ജോസ് കെ മാണി വിഭാഗത്തിന് തിരിച്ചടി; രണ്ടില ചിഹ്നം ജോസഫ് വിഭാഗത്തിന്

കോട്ടയം: പാലായ്ക്ക് പിന്നാലെ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് കനത്ത തിരിച്ചടി. കോട്ടയം അകലകുന്നം പഞ്ചായത്തില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം നല്‍കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഔദ്യോഗിക പാര്‍ട്ടി ആരെന്ന കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം വരും മുന്‍പ് പാര്‍ട്ടിയില്‍ ശക്തി തെളിയിക്കാനുള്ള നീക്കത്തിലാണ് ഇരുവിഭാഗങ്ങളും.

പി. ജെ ജോസഫ് വിഭാഗം പാലായിലും, ജോസ് കെ മാണി വിഭാഗം കടുത്തുരുത്തിയിലും പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. കോട്ടയം അകലക്കുന്നം പഞ്ചായത്തിലെ പൂവത്തിളപ്പ് വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലാണ് പി ജെ ജോസഫ് പക്ഷത്തിന് രണ്ടില ചിഹ്നം ലഭിച്ചത്. ജോസ് വിഭാഗം സ്ഥാനാര്‍ഥി ജോര്‍ജിന് ചിഹ്നം ലഭ്യമാക്കണമെന്ന നിര്‍ദേശം കമ്മീഷന്‍ തള്ളി. ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി ബിപിന്‍ തോമസ് രണ്ടില ചിഹ്നത്തില്‍ മത്സരിക്കും.

കൃത്രിമ രേഖകള്‍ ഉപയോഗിച്ച് തെറ്റായ കാര്യം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് ഉണ്ടായതെന്ന് പി.ജെ ജോസഫ് പ്രതികരിച്ചു. പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോമിന് രണ്ടില ചിഹ്നം ആവശ്യപ്പെട്ടുള്ള ജോസ് കെ മാണിയുടെ അവകാശവാദം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു.