പിന്‍സീറ്റുകാര്‍ക്ക് നാളെ മുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം; ആദ്യഘട്ടത്തില്‍ പിഴയില്ല

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ പിന്നിലിരിക്കുന്ന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍ നടപ്പാക്കും. നാലു വയസിനു മുകളിലുള്ള കുട്ടികള്‍ ഉള്‍പ്പെടെ ബൈക്കിന്റെ പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയുളള ഹൈക്കോടതി
ഉത്തരവ് നടപ്പിലാക്കാന്‍ രണ്ടാഴ്ചത്തെ സാവകാശമാണ് ഹൈക്കോടതി നല്‍കിയിരുന്നത്. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പിലാക്കി തുടങ്ങാനാണ് തീരുമാനം.

ഹെല്‍മറ്റ് ധരിക്കാത്തവര്‍ വാഹനത്തിലുണ്ടെങ്കില്‍ ഉടമയില്‍നിന്ന് 500 രൂപ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ 1000 രൂപയാണ് പിഴ. അതേസമയം, ആദ്യഘട്ടത്തില്‍ ഏതാനും ദിവസം ഹെല്‍മറ്റ് ഇല്ലാത്ത യാത്രക്കാരെ ഉപദേശിക്കുകയും ബോധവത്കരിക്കുകയുമാണ് ചെയ്യുക. ഭേദഗതിക്ക് മുമ്പുളള കേന്ദ്രമോട്ടോര്‍ വാഹനനിയമത്തിലെ 129ാം വകുപ്പ് ഹെല്‍മറ്റില്‍ ഇളവ് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിയിരുന്നു.

നിയമം മാറിയതോടെ ഈ അധികാരം നഷ്ടപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.