മാരിവില്‍ കാഴ്ചയൊരുക്കാന്‍ വിഭജനാനന്തര യുഗോസ്ലാവിയന്‍ ചിത്രങ്ങള്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ വിഭജനാനന്തര യുഗോസ്ലാവിയയുടെ പരിച്ഛേദമായി ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബെര്‍ലിന്‍, മോണ്‍ട്രിയല്‍ തുടങ്ങിയ അന്താരാഷ്ട്ര മേളകളിലും, അക്കാദമി പുരസ്‌കാരത്തിലും ശ്രദ്ധേയമായ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. യുഗോസ്ലാവിയ, സെര്‍ബിയ, ക്രൊയേഷ്യ, മാസിഡോണിയ തുടങ്ങിയ രാജ്യങ്ങളായി വിഭജിച്ച ശേഷം ആദ്യമായി കാനില്‍ പ്രദര്‍ശിപ്പിച്ച ക്രൊയേഷ്യന്‍ ചിത്രം ദ ഹൈ സണ്‍, വനിത സംവിധായകരായ ഐഡ ബെഗിച്ചിന്റെയും, ടിയോണയുടെയും ചിത്രങ്ങള്‍ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പെടും.

മാസിഡോണിയന്‍ സംവിധായികയായ ടിയോണ സ്റ്റ്രൂഗര്‍ മിറ്റവ്സ്‌കയുടെ ഗോഡ് എക്സിറ്റ്സ്, ഹേര്‍ നെയിം ഈസ് പെട്രൂണിയ എന്ന ചിത്രം കാന്‍, ബെര്‍ലിന്‍, ദിയോ ഓപ്പണ്‍ വുമണ്‍, ലഷ്‌കോവാക് തുടങ്ങി പത്തോളം അന്താരാഷ്ട്ര മേളകളില്‍ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. ഈ ചിത്രം വിഭജനാനന്തര യൂഗോസ്ലാവിയന്‍ സിനിമാ കാഴ്ചകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്പെയര്‍ പാര്‍ട്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഡാമ്യാന്‍ കൊസോളെ സംവിധാനം ചെയ്ത സ്ലൊവേനിയന്‍ ഗേള്‍ എന്ന ചിത്രം വിഭജനത്തിനു ശേഷം അരക്ഷിതമായ സ്ലോവേനിയന്‍ സ്ത്രീജീവിതമാണ് പ്രമേയമാക്കിയിരിക്കുന്നത്.

ബോസ്നിയന്‍ സംവിധായികയായ ഐഡ ബെഗിച്ചിന്റെ ദ സ്നോ എന്ന ചിത്രം യുദ്ധം തകര്‍ത്തെറിഞ്ഞ ഒരു ബോസ്നിയന്‍ ഗ്രാമത്തിലെ രണ്ടു സ്ത്രീകളുടെ ജീവിതത്തിലെ അരക്ഷിതാവസ്ഥയിലേക്ക് വെളിച്ചം വീശുന്നു. ബോസ്നിയയിലെ ഒരു യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയാണ് വൂക്ക് റുഷുമോവിച്ച് നോവണ്‍സ് ചൈല്‍ഡ് ഒരുക്കിയിരിക്കുന്നത്. ഡാലിബോര്‍ മറ്റാനിച്ച് സംവിധാനം ചെയ്ത മൂന്ന് പ്രണയകഥകളുടെ സമാഹാരമായ ദ ഹൈ സണ്‍, റായ്കോ ഗിര്‍ലിച്ചിന്റെ ദ കോണ്‍സ്റ്റിറ്റിയൂഷന്‍ എന്നിവയും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.