വിശ്വാസം നേടി ഉദ്ധവ് താക്കറെ; വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ബി.ജെ.പി

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസ വോട്ട് നേടി ഉദ്ധവ് താക്കറെ സര്‍ക്കാര്‍. 288 അംഗ നിയമസഭയില്‍ 169 എം.എല്‍.എമാരുടെ പിന്തുണയാണ് സര്‍ക്കാരിന് ലഭിച്ചത്. വിശ്വാസവോട്ട് ബഹിഷ്‌കരിച്ച ബി.ജെ.പി അംഗങ്ങള്‍ സഭവിട്ടു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിശ്വാസ വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. അപ്പോള്‍ത്തന്നെ ബി.ജെ.പി എം.എല്‍.എമാര്‍ സഭയില്‍ പ്രതിഷേധിച്ചു.

വിശ്വാസവോട്ടെടുപ്പിനുള്ള പ്രത്യേക സമ്മേളനം നിയമപ്രകാരമല്ല വിളിച്ചുചേര്‍ത്തതെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്നാവിസ് ആരോപിച്ചു. മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ഇതുവരെ സ്പീക്കറെ തിരഞ്ഞെടുക്കാതെ വിശ്വാസവോട്ടെടുപ്പ് നടത്തിയിട്ടില്ലെന്ന് ഫട്നാവിസ് പറഞ്ഞു. സഭ തുടങ്ങേണ്ടത് വന്ദേമാതരം ആലപിച്ചാണെന്നും, ആ ചട്ടം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിമാരുടെ സത്യപ്രതിജ്ഞയിലും വ്യാപകമായ ചട്ടലംഘനങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എന്‍.സി.പിയില്‍നിന്നുള്ള ദിലീപ് പാട്ടീലാണ് പ്രോടേം സ്പീക്കറായി സഭ നിയന്ത്രിച്ചത്.