ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പിനിടെ മാവോയിസ്റ്റ് ആക്രമണം; പാലം തകര്‍ത്തു

ജാര്‍ഖണ്ഡ്: 13 നിയോജക മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനിടെ മാവോയിസ്റ്റ് ആക്രമണം. പോളിംഗ് ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഗുംല ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. ഗുംലയിലെ ഒരു പാലം മാവോയിസ്റ്റുകള്‍ ബോംബിട്ട് തകര്‍ത്തു. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ ഏഴുമണിക്കാണ് ജാര്‍ഖണ്ഡില്‍ പോളിംഗ് ആരംഭിച്ചത്.

ചത്ര, ഗുംല, ബിഷന്‍പുര്‍, ലോഹാര്‍ദാഗ, മാനിക, ലത്തേഹാര്‍, പന്‍കി, ദല്‍ത്തോഗഞ്ച്, ബിശ്രംപുര്‍, ഛത്തര്‍പൂര്‍, ഹുസ്സൈനാബാദ്, ഗാര്‍ഗ്വ, ഭവനാഥ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മാവോയിസ്റ്റ് സ്വാധീന മേഖലകളിലും കാടുകളിലുള്ള ഒറ്റപ്പെട്ട ബൂത്തുകളിലേക്കും ഹെലികോപ്റ്റര്‍ വഴിയാണ് പോളിംഗ് സാമഗ്രികള്‍ എത്തിച്ചത്. ആകെ 37,83,055 വോട്ടര്‍മാര്‍ ഇന്ന് 189 സ്ഥാനാര്‍ത്ഥികളുടെ വിധിയാകും നിശ്ചയിക്കുന്നത്. മൂന്നുമണിക്കാണ് പോളിംഗ് അവസാനിക്കുക. ഡിസംബര്‍ 20ന് വോട്ടെടുപ്പ് അവസാനിക്കും. 23നാണ് ഫലപ്രഖ്യാപനം.