യൂണിവേഴ്സിറ്റി കോളെജ് സംഘർഷം; വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചു

തിരുവനന്തപുരം: എസ്.എഫ്‌.ഐ-കെ.എസ്.യു സംഘര്‍ഷം നിലനിൽക്കുന്ന യൂണിവേഴ്‌സിറ്റി കോളജിൽ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കുന്നതിനായി പ്രിന്‍സിപ്പല്‍ സര്‍വകക്ഷി യോഗം വിളിച്ചു. എല്ലാ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികളെയും ഉൾപ്പടുത്തി തിങ്കളാള്ചയാണ് യോഗം ചേരാൻ നിശ്ചയിച്ചിരിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ കെ.എസ്.യു പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വാദവും എസ്.എഫ്.ഐ പ്രവർത്തകരെ പുറത്താക്കണമെന്ന കെ.എസ്.യു വാദവും പ്രിന്‍സിപ്പല്‍ തള്ളി. സംഘര്‍ഷം ഒഴിവാക്കാന്‍ ശക്തമായ ഇടപെടലുണ്ടാകുമെന്ന  മുന്നറിയിപ്പ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുക മാത്രമാണ് ചെയ്തതെന്നും പുറത്താക്കൽ നടപടി തൽകാലമുണ്ടാകില്ലെന്നും പ്രിനസിപ്പൽ വ്യക്തമാക്കി. സംഭവത്തിൽ നിലവിൽ ആര്‍ക്കെതിരെയും നടപടി വേണ്ടെന്നാണ് കോളജ് തീരുമാനിച്ചതെന്നും സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമങ്ങളുണ്ടാകുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

അതിനിടെ പാളയത്തെ യൂണിവേഴ്സിറ്റി കോളെജ് ഹോസ്റ്റലിലെ താമസക്കാരുടെ വിവരങ്ങള്‍ അടിയന്തിരമായി കൈമാറാന്‍ കോളെജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഹോസ്റ്റല്‍ വാര്‍ഡന് നർദ്ദേശം നൽകി. പഠനം കഴിഞ്ഞതിന് ശേഷവും എസ്എഫ്‌ഐ പ്രവർത്തകർ പലരും ഇപ്പോഴും ഹോസ്റ്റലില്‍ തുടരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടർ രേഖകൾ ആവശ്യപ്പെട്ടത്. അക്രമ സംഭവവുമായി ബന്ധപ്പെട്ട് 13 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന കെ.എസ്.യു പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ എസ്.എഫ്‌.ഐ നേതാവ് എട്ടപ്പന്‍ എന്ന വിളിപ്പേരുള്ള മഹേഷ് ഒളിവില്‍ പോയതായി പോലീസിന് സൂചന ലഭിച്ചു. പഠനശേഷവും കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഈ പ്രതി കാമ്പസില്‍ താമസിച്ചു വരികയാണെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്. അതേസമയം പോലീസിനെ ആക്രമിച്ചതിന് കെ.എസ്.യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ മറ്റൊരു കേസും പോലീസ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.