മാവോയിസ്റ്റ് ബന്ധം; അലന്റെയും താഹയുടെയും റിമാന്‍ഡ് കാലാവധി നീട്ടി

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് നിന്ന് പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റേയും താഹ ഫസലിന്റെയും റിമാന്‍ഡ് കാലാവധി നീട്ടി. ഡിസംബര്‍ 21 വരെയാണ് നീട്ടിയത്. കേസ് ഡയറി പരിശോധിച്ച് തത്കാലം ജാമ്യം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി തീരുമാനിച്ചിരുന്നു. അലന്റേയും താഹയുടെയും റിമാന്‍ഡ് കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് കേസ് കോടതി വീണ്ടും പരിഗണിച്ചത്.

കോഴിക്കോട് ജയിലില്‍ കഴിയുന്ന പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനം വഴിയാണ് ജില്ലാ സെഷന്‍സ് ജഡ്ജിക്കു മുന്നില്‍ ഹാജരാക്കിയത്. ഇക്കഴിഞ്ഞ നവംബര്‍ രണ്ടിനാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വ്യാജത്തെളിവുകളുണ്ടാക്കി മാവോയിസ്റ്റ് കേസില്‍ കുടുക്കിയെന്നാണ് പ്രതികളുടെ ആരോപണം. എന്നാല്‍ അലനും താഹയും കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം നിഷേധിച്ചിരുന്നു.