പരിധി വിട്ട് അഭിഭാഷക- മജിസ്ട്രേറ്റ് തര്‍ക്കം; പരാതിയുമായി വനിതാ അഭിഭാഷക

തിരുവനന്തപുരം: വഞ്ചിയൂരില്‍ വനിതാ മജിസ്ട്രേറ്റും അഭിഭാഷകരും തമ്മിലുള്ള ശീത സമരം പരിധി കടക്കുന്നു. മജിസ്ട്രേറ്റിനെതിരേ കേസ് നല്‍കി അവരെ മുട്ടുകുത്തിക്കാനുള്ള പുതിയ നീക്കവുമായാണ് ബാര്‍ അസോസിയേഷന്‍ രംഗത്ത് വന്നിരിക്കുന്നത്. ഇതുപോലൊരു ശീത സമരം
കേരളത്തില്‍ തന്നെ ആദ്യമാണെന്നാണ് വിലയിരുത്തല്‍. മജിസ്ട്രേറ്റ് ദീപാ മോഹന്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് ഒരു വനിതാ അഭിഭാഷകയെ കൊണ്ട് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. അഭിഭാഷകയായ രാജേശ്വരിയാണ്
വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

ഇന്നലെ ഉച്ചയ്ക്ക് വഞ്ചിയൂര്‍ കോടതിക്ക് സമീപം സഹപ്രവര്‍ത്തകരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍. ഈസമയത്ത് കോടതിയിലേക്ക് പോകുന്നതിനായി ആ വഴി കടന്നുവന്ന മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ എന്റെ മുതുകില്‍ ആഞ്ഞടിച്ചു. തുടര്‍ന്ന് അസഭ്യം പറയുകയും എന്നോട് കളിച്ചാല്‍ നിന്നെയൊക്കെ ജാമ്യമില്ലാ വകുപ്പില്‍ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു’- രാജേശ്വരി പരാതിയില്‍ പറയുന്നു. സഹപ്രവര്‍ത്തകരുടെയും മറ്റ് അഭിഭാഷകരുടെയും മുന്നില്‍ വച്ച് തന്നെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത മജിസ്‌ട്രേറ്റിന്റെ നടപടി മാനഹാനിക്ക് ഇടയാക്കിയതായും പരാതിയില്‍ പറയുന്നു.

അഭിഭാഷകയുടെ പരാതിയില്‍ കോടതിയുടെ അനുമതിയോടെ നടപടി സ്വീകരിക്കുമെന്ന് വഞ്ചിയൂര്‍ പോലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി റിപ്പോര്‍ട്ട് നല്‍കുമെന്നുംപോലീസ് വ്യക്തമാക്കി. മജിസ്ട്രേറ്റിനെതിരേ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയും പരാതി നല്‍കിയിട്ടുണ്ട്. മജിസ്ട്രേറ്റായി ജോലി ലഭിച്ചശേഷവും ദീപാമോഹന്‍ സന്നത് റദ്ദാക്കിയില്ലെന്നാണ് സെക്രട്ടറിയുടെ പരാതി. മറ്റൊരു ജോലി ലഭിച്ചാല്‍ അഭിഭാഷക സന്നത് റദ്ദാക്കണമെന്ന ചട്ടം ലംഘിച്ച വനിത മജിസ്ട്രേറ്റിനെതിരെ നടപടിവേണമെന്നാണ് പരാതിയിലെ ആവശ്യം. മജിസ്ട്രേറ്റ് ദീപാ മോഹന്റെ പരാതിയില്‍ ജാമ്യമില്ലാ കേസെടുത്തതോടെയാണ് ബാര്‍ അസോസിയേഷന്‍ പുതിയ നീക്കങ്ങള്‍ നടത്തുന്നത്.

മജിസ്ട്രേറ്റിനെതിരെയും കേസെടുപ്പിക്കാനാണ് നീക്കം. ഇവര്‍ക്കെതിരേ കേസെടുത്തില്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ വളയുമെന്നാണ് ബാര്‍ അസോസിയേഷന്‍ നല്‍കുന്ന മുന്നറിയിപ്പ്. അതേ സമയം വനിതാ മജിസ്ട്രേറ്റിനെ തടഞ്ഞുവച്ച അഭിഭാഷകര്‍ക്കെതിരെ സ്വമേധയാ കേസെടുക്കുന്ന കാര്യത്തിലെ തുടര്‍ നടപടികള്‍ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും. വാഹനഅപകട കേസിലെ വാദിയായ സ്ത്രീയെ മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം മജിസ്ട്രേറ്റ് റദ്ദാക്കിയതാണ് അഭിഭാഷകരെ പ്രകോപിച്ചത്. വനിതാ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരാതി സ്വീകരിച്ച പോലീസ് പക്ഷെ കേസെടുക്കാന്‍ തയ്യാറായിട്ടില്ല.

അതേ സമയം വഞ്ചിയൂര്‍ കോടതിയില്‍ വനിതാ ജഡ്ജിയെ ആക്രമിച്ച അഭിഭാഷകര്‍ കോടതിമുറിയില്‍ കാട്ടിക്കൂട്ടിയത് അതിരുവിട്ട അക്രമമാണെന്നാണ് സാക്ഷിയായ ലതാകുമാരിയുടെ പ്രതികരണം. മജിസ്ട്രേറ്റിന്റെ ചേംബറിലേക്ക് അഭിഭാഷകര്‍ ഇരച്ചു കയറി. അവര്‍ ‘മാഡത്തിനെ റെഡിയാക്കി’ എന്നാണ് ലതാകുമാരി പറയുന്നത്. കതകടച്ചാണ് അഭിഭാഷകര്‍ അക്രമം കാണിച്ചത്. തന്നെയും അഭിഭാഷകര്‍ ആക്രമിച്ചു. ഇത് ഏത് പോലീസ് വന്നാലും പറയാന്‍ തയാറാണെന്നും ലതാകുമാരി ഒരു ചാനലിനോട് പറഞ്ഞു. ലതാകുമാരിയെ വാഹനിമിടിച്ച് പരിക്കേല്‍പിച്ച പ്രതിയുടെ ജാമ്യം നിഷേധിച്ചതിലായിരുന്നു മജിസ്ട്രേറ്റിനെതിരെ അഭിഭാഷകര്‍ പ്രതിഷേധിച്ചത്.