എങ്ങനെയാണ് എന്നെ വിലക്കാന്‍ പറ്റുക; ‘കയ്യും കാലും കെട്ടിയിടുമോ’, തുറന്നടിച്ച് ഷെയ്ന്‍ നിഗം

കൊച്ചി; മലയാള സിനിമയില്‍ തന്നെ വിലക്കുമെന്ന തീരുമാനത്തില്‍ പ്രതികരണവുമായി നടന്‍ ഷെയ്ന്‍ നിഗം. തനിക്ക് ഏര്‍പ്പെടുത്തിയ വിലക്കിന് പിന്നില്‍ ഒരു രാഷ്ട്രീയമുണ്ടെന്നും തന്നോട് വിലക്കിനെ കുറിച്ച് ഒന്നും സംസാരിച്ചില്ലെന്നും ഷെയ്ന്‍ ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിലക്കുണ്ടാകില്ലെന്നാണ് തന്നോട് പറഞ്ഞത്. മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടെന്നും ഷെയ്ന്‍ പറഞ്ഞു.’വെയിലി’ലും ‘കുര്‍ബാന’യിലും താന്‍ അഭിനയിക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല.

മുടി വെട്ടിയ ലുക്കില്‍ തന്നെ സിനിമ ഷൂട്ട് ചെയ്യാമെന്ന് സംവിധായകന്‍ തന്നോട് പറഞ്ഞിട്ടുമുണ്ട്. മുടി വെട്ടിയത് തന്റെ പ്രതിഷേധമാണെന്നും താരം വ്യക്തമാക്കി. അമ്മയിലെ അംഗങ്ങള്‍ തന്നെ പിന്തുണക്കുമെന്നാണ് വിശ്വസിക്കുന്നത്. ‘വെയില്‍ എന്ന സിനിമയ്ക്ക് വേണ്ടി അഞ്ച് ദിവസം രാത്രിയും പകലും ചിത്രീകരണത്തില്‍ സഹകരിച്ചു. മാനസികമായി പീഡിപ്പിച്ച് സഹികെട്ടപ്പോഴാണ് ലൊക്കേഷനില്‍ നിന്ന് പോയത് ഷെയിന്‍ പറഞ്ഞു.

പുതിയ സിനിമയായ വലിയ പെരുന്നാള്‍ തീയേറ്റര്‍ കാണിക്കില്ലെന്ന് വരെ അവര്‍ ഭീഷണിപ്പെടുത്തി. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ലെന്നും ഇതില്‍ ഒരു രാഷ്ട്രീയമുണ്ടെന്നും ഷെയ്ന്‍ പറയുന്നു. ഇന്നലെ രാത്രി വരെ നിര്‍മാതാക്കളുടെ സംഘടനയിലെ ആന്റോ ജോസഫ്, സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ പറഞ്ഞത് പ്രശ്നം തീര്‍ക്കാം, വിലക്ക് ഉണ്ടാകില്ലെന്നാണ്. മാദ്ധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഒപ്പിട്ട് നല്‍കിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നത്. എനിക്ക് അറിയാവുന്ന ജോലി സിനിമയാണ് ആ ജോലി തന്നെ ചെയ്യും. ഷെയ്ന്‍ പറഞ്ഞു.