മലയാളത്തിന് അഭിമാനം; ജ്ഞാനപീഠ പുരസ്‌കാരം മഹാകവി അക്കിത്തത്തിന്

ഡല്‍ഹി: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം. പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. വിവിധ സാഹിത്യ ശാഖകളില്‍ കൈമുദ്ര പതിപ്പിച്ച അക്കിത്തത്തിന് മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവുമടങ്ങുന്നതാണ് ജ്ഞാനപീഠം. പാലക്കാട് കുമരനല്ലൂര്‍ സ്വദേശിയായ അക്കിത്തം 40 ലധികം കൃതികള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്

കവി ജി ശങ്കരപിള്ള, തകഴി ശിവശങ്കരപിള്ള, എസ്‌കെ പൊറ്റെക്കാട്, എംടി വാസുദേവന്‍ നായര്‍, ഒഎന്‍വി കുറുപ്പ് എന്നീ മലയാളികള്‍ക്കാണ് ഇതിനു മുമ്പ് ജ്ഞാനപീഠം ലഭിച്ചിട്ടുള്ളത്. 2017ല്‍ പത്മശ്രീ നല്‍കി രാജ്യം മഹാകവിയെ ആദരിച്ചിട്ടുണ്ട്. 2016ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കി സംസ്ഥാനവും കവിയെ ആദരിച്ചു. ഓടക്കുഴല്‍, സഞ്ജയന്‍, എഴുത്തച്ഛന്‍ പുരസ്‌കാരങ്ങളടക്കം നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

കവിത, ഉപന്യാസം, ചെറുകഥ, നിരൂപണം എന്നീ മേഖലകളില്‍ മലയാള ഭാഷയിലെ അതികായരില്‍ ഒരാളാണ് അക്കിത്തം. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തിലൂടെ ‘വെളിച്ചം ദുഖമാണുണ്ണീ, തമസല്ലോ സുഖപ്രദം’ എന്ന് വായനക്കാരോട് സംവദിച്ച കവി മനുഷ്യന്‍ ആത്യന്തികമായി നന്മയും സ്നേഹവുമാണെന്ന് വിശ്വസിക്കുന്നു. ആകാശവാണിയില്‍ കഥാകൃത്തായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. കോഴിക്കോട് ആകാശവാണി കേന്ദ്രത്തിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.1985-ല്‍ അദ്ദേഹം ആകാശവാണിയില്‍ നിന്ന് വിരമിച്ചു.