സ്ത്രീയായിപ്പോയി, ഇല്ലെങ്കില്‍ തല്ലിച്ചതച്ചേനേ, മജിസ്ട്രേറ്റിനു നേരെ അഭിഭാഷകരുടെ ഭീഷണി; എഫ്.ഐ.ആര്‍ പുറത്ത്

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതി മുറിയിൽ വനിതാ മജിസ്ട്രേറ്റിനെ ഒരു സംഘം അഭിഭാഷകർ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എഫ്.ഐ.ആര്‍ പുറത്ത്. സ്ത്രീയായി പോയി അല്ലെങ്കില്‍ വലിച്ച് പുറത്തിട്ട് തല്ലിച്ചതച്ചേനെയെന്ന് മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തിയതായി പോലീസ് തയ്യാറാക്കിയ എഫ്ഐആറിൽ പറയുന്നു. വാഹനാപകടക്കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചതാണ് മജിസ്ട്രേറ്റിനെതിരെ അഭിഭാഷകര്‍ തിരിയാന്‍ കാരണമായത്.

ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ സംഘടിച്ച് മജിസ്ട്രേറ്റിന്റെ മുറിക്ക് മുന്നിലെത്തിയ അഭിഭാഷകര്‍ ബഹളം വച്ച് പ്രതിഷേധിക്കുകയും മജിസ്ട്രേറ്റിനെ കോടതി മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. ഇതിനിടയില്‍ റിമാന്‍ഡ് ചെയ്ത പ്രതിയെ അഭിഭാഷകർ ബലം പ്രയോഗിച്ച് മോചിപ്പിക്കാനും ശ്രമമുണ്ടായി. വിവരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ ഫോണില്‍ കൂടി അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം എത്തിയാണ് വനിത മജിസ്ട്രേറ്റിനെ മോചിപ്പിച്ചത്.

സംഭവത്തെ അപലപിച്ച് കേരള വനിതാ കമ്മീഷനും രംഗത്ത് വന്നു. ജുഡീഷ്യറിയിൽ പോലും സ്ത്രീകൾ ആക്രമിക്കപ്പെടുന്നത് ആശങ്കാജനകമാണെന്ന് കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു. പോലീസ് ശക്തമായ നടപടി സ്വീകരിക്കണെന്നും അവർ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് നേരെ എവിടെ വെച്ചും ആർക്കും എന്തും ചെയ്യാമെന്ന് സ്ഥിരീകരിക്കുന്ന സംഭവമാണ് പുറത്ത് വന്നിരിക്കുന്നതെന്നും ഒരു മജിസ്ട്രേറ്റ് പദവിയിലിരിക്കുന്ന സ്ത്രീയെ ഈ വിധത്തിൽ കോടതിക്കകത്ത് പോലും ഒരു കൂട്ടം അഭിഭാഷകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് സ്ത്രീത്വത്തെ ഇകഴ്ത്തി കാണിക്കലാണെന്നും ജുഡീഷ്യറി ഇത്തരം വിഷയങ്ങളെ ഗൗരവമായി സമീപിക്കണമെന്നും അവർ വ്യക്തമാക്കി.