മത്സരാര്‍ത്ഥികളെയും കൊണ്ട് ട്രെയിന്‍ നിര്‍ത്താതെ ഓടി; മത്സര വേദിയിലെത്താന്‍ ഓടി തളര്‍ന്ന് കുട്ടികള്‍

കാഞ്ഞങ്ങാട്: മത്സരാര്‍ഥികളെയും രക്ഷിതാക്കളെയും കലോത്സവം കാണാനെത്തുന്നവരെയും കൊണ്ട് ട്രെയിന്‍ കാഞ്ഞങ്ങാട് നിര്‍ത്താതെയോടി. ഇന്നലെ ഉച്ചയ്ക്ക് 11.30നു കാഞ്ഞങ്ങാട് എത്തേണ്ട എറണാകുളം പൂനൈ (22149) സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസാണ് മത്സരാര്‍ത്ഥികളെയും കൊണ്ട് കുതിച്ചു പാഞ്ഞത്. ട്രെയിന്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് കാസര്‍കോട് ഇറങ്ങിയ മത്സരാര്‍ത്ഥികളും മറ്റും വേദിയിലെത്താന്‍ വല്ലാതെ ബുദ്ധിമുട്ടി.

ഉച്ചയ്ക്ക് രണ്ടു മുതല്‍ നടക്കുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കേണ്ട മത്സരാര്‍ത്ഥികള്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. പലവിധ വാഹനങ്ങളിലാണ് അവര്‍ മത്സര വേദിയായ കാഞ്ഞങ്ങാട്ടേക്ക് എത്തിയത്. റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് കാഞ്ഞങ്ങാട് ട്രെയിന്‍ നിര്‍ത്തുമെന്ന് അറിയിച്ചു കൊണ്ടു ടിക്കറ്റ് നല്‍കിയതായും, ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ നിന്നും ട്രെയിന്‍ നിര്‍ത്തുമെന്ന് പറഞ്ഞതായും കാസര്‍കോട് ഇറങ്ങിയവര്‍ പറയുന്നു. 36 ഓളം ട്രെയിനുകള്‍ക്ക് സംസ്ഥാന കലോത്സവത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് സ്റ്റോപ്പ് അനുവദിച്ചിരുന്നു.