മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്റെ വീട്ടില്‍ റെയ്ഡ്: ശ്രീകുമാര്‍ മേനോനെ ഞായറാഴ്ച ചോദ്യം ചെയ്യും

പാലക്കാട്: നടി മഞ്ജുവാര്യര്‍ നല്‍കിയ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്. പാലക്കാട്ടെ വീട്ടിലും ഓഫീസിലുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ പരാതിക്കാധാരമായ രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതുപ്രകാരം
ശ്രീകുമാര്‍ മേനോനെ അടുത്ത ഞായറാഴ്ചയും ചോദ്യം ചെയ്യും എന്നാണ് വിവരം.

ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. മോഹന്‍ലാലിനെ നായകനാക്കി ഇദ്ദേഹം സംവിധാനം ചെയ്ത ഒടിയന്‍  സിനിമയില്‍ മഞ്ജുവാര്യരായിരുന്നു നായിക. ഈ ചിത്രത്തിന് ശേഷം തനിക്ക് നേരെ സമൂഹമാധ്യങ്ങളിലൂടെ നടക്കുന്ന ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനും സുഹൃത്തുമാണെന്ന് പരാതിയില്‍ മഞ്ജു ആരോപിച്ചിരുന്നു.

ശ്രീകുമാര്‍ മേനോനില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റുരേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നുമായിരുന്നു മഞ്ജുവിന്റെ പരാതി. പരാതിയുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരുടെ രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. മഞ്ജു വാര്യരുടെയും ഒടിയന്‍ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജര്‍ സജി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെയും മൊഴിയും ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.