വഞ്ചിയൂര്‍ കോടതിയിലെ സംഭവം; അഭിഭാഷകര്‍ക്കെതിരേ ഹൈക്കോടതി കേസെടുത്തു

കൊച്ചി: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടയാന്‍ ശ്രമിച്ച സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, കണ്ടാലറിയാവുന്ന 10 അഭിഭാഷകര്‍ എന്നിവരെ പ്രതി ചേര്‍ത്താണ് കേസ്. വനിത മജിസ്ട്രേറ്റിനെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കേസ്.

വനിത മജിസ്ട്രേറ്റ് നല്‍കിയ പരാതി പോലീസിനും കൈമാറിയിട്ടുണ്ട്. ഹൈക്കോടതി കേസ് നാളെ പരിഗണിക്കും. മജിസ്ട്രേറ്റ് ദീപാ മോഹനെ തടയാന്‍ ശ്രമിച്ച സംഭവം പ്രതിഷേധാര്‍ഹമാണെന്നും വിഷയത്തില്‍ ഹൈക്കോടതി  ഇടപെടണമെന്നാവശ്യപ്പെട്ട് ജുഡിഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിക്ക് കത്ത് നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ഒരു സാക്ഷിയെ ഭീഷണിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സംഭവത്തില്‍ വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരും ജഡ്ജിയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടാകുകയും അനിഷ്ടസംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തത്. ഈ സംഭവത്തിലാണ് പ്രതിഷേധവുമായി ഇപ്പോള്‍ ജില്ലാ ജഡ്ജിമാരുടെ സംഘടന സംസ്ഥാന വ്യാപകമായി രംഗത്തു വന്നിരിക്കുന്നത്.