എറണാകുളം കളക്ടര്‍ സ്ഥാനത്തുനിന്ന് രേണു രാജിനെ മാറ്റി; നടപടി ബ്രഹ്മപുരം വിവാദത്തിനിടെ

കൊച്ചി: എറണാകുളം കളക്ടര്‍ സ്ഥാനത്തുനിന്ന് രേണു രാജിനെ മാറ്റി. എൻഎസ്കെ ഉമേഷ് പുതിയ എറണാകുളം കളക്ടറാകും.
വയനാട് ജില്ലാ കളക്ടറായാണ് രേണു രാജിന്റെ പുതിയ നിയമനം.

ആലപ്പുഴ കളക്ടറായിരുന്ന വി ആര്‍ കൃഷ്ണ തേജ തൃശൂര്‍ ജില്ലാ കളക്ടറാകും. തൃശൂര്‍ കളക്ടറായിരുന്ന ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായി നിയമിച്ചു. വയനാട് കളക്ടറായിരുന്ന ഗീത എ കോഴിക്കോട് ജില്ലാ കളക്ടറാകും. ഐടി മിഷന്റെ ചുമതലയുണ്ടായിരുന്ന സ്‌നേഹിത് കുമാര്‍ സിങ് ഐഎഎസിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റേറ്റ് ഓഫീസര്‍ പദവിയിലേക്ക് മാറ്റി.

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് വിവാദം ശക്തമായി തുടരുന്നതിനിടെയാണ് എറണാകുളം കളക്ടർ സ്ഥാനത്ത് നിന്നും രേണു രാജിനെ നീക്കുന്നത്. വിഷയത്തിൽ ഹാജാരാകാതിരുന്ന കളക്ടറുടെ നടപടിയിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടർ അനു കുമാരിക്ക് ഐ.ടി മിഷൻ ഡയറക്ടറുടെ അധിക ചുമതല നൽകും. അനുകുമാരിക്ക് പകരം സബ് കലക്ടർ അശ്വതി ശ്രീനിവാസന് തിരുവനന്തപുരം വികസന കമ്മീഷണറുടെ ചുമതല നൽകി. ധനവകുപ്പിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള മൊഹമ്മദ് വൈ സഫീറുള്ളയ്ക്ക് ഇ-ഹെൽത്ത് പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല നൽകി.