പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസ്; പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി

മലപ്പുറം: കുറ്റിപ്പുറത്ത് കോളജ് അധ്യാപികയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച മുന്‍ കോളജ് അധ്യാപകനെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി പോലീസ്. മലപ്പുറം ജില്ലാ പോലീസ് മേധാവി ഇടപെട്ടതോടെ കുറ്റിപ്പുറം സ്റ്റേഷനില്‍ ഐടി ആക്ട് പ്രകാരം പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. യുവതിയുടെ ആദ്യ പരാതി അന്വേഷിക്കാന്‍ നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയതായും മലപ്പുറം എസ്.പി യു അബ്ദുള്‍ കരീം പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങള്‍ വെബ് സൈറ്റുകളിലും സോഷ്യല്‍ മീഡിയയിലും വിലാസവും ഫോണ്‍ നമ്പറും സഹിതം പ്രചരിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് തൃശൂര്‍ സ്വദേശിക്കെതിരെ പുതിയ ഒരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ അജ്മാനിലെ വസ്ത്ര നിര്‍മാണ യൂണിറ്റില്‍ അഡ്മിനിസ്ട്രേഷന്‍ മാനേജറായി ജോലി ചെയ്യുന്ന പ്രതി കോട്ടോല്‍ വട്ടപ്പറമ്പില്‍ മുഹമ്മദ് ഹാഫീസിനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായും മലപ്പുറം എസ്പി അറിയിച്ചു. കേസില്‍ പോലീസ് സൈബര്‍ സെല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവതി നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ ബലാത് സംഘമടക്കുള്ള വകുപ്പുകള്‍ പ്രകാരം കേസുണ്ട്. നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം. ആദ്യ കേസില്‍ യുവതിയുടെ മൊഴി എടുത്തതായും എസ്.പി വ്യക്തമാക്കി. പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കാനുള്ള  ഒരുക്കത്തിലാണ് പോലീസ്.