പുതിയ മുഖം; ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഇന്ന്

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 6.40ന് ദാദറിലെ ശിവാജി പാര്‍ക്കിലാണ് ചടങ്ങ് നടക്കുക. താക്കറെ കുടുംബത്തിലെ ഒരംഗം ആദ്യമായി മുഖ്യമന്ത്രി ആകുന്നു എന്നതും ഉദ്ധവിനെ
ശ്രദ്ധേയമാക്കുന്നു. സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി കഴിഞ്ഞ ദിവസം വൈകിട്ട് വൈ ബി ചവാന്‍ സെന്ററില്‍ ചേര്‍ന്ന മൂന്നു പാര്‍ട്ടി നേതാക്കളും യോഗം ചേര്‍ന്നിരുന്നു.

മന്ത്രി സ്ഥാനം സംബന്ധിച്ചുള്ള അന്തിമ തീരുമാനങ്ങള്‍ക്കായിട്ടായിരുന്നു യോഗം. 43 അംഗ മന്ത്രിസഭയില്‍ എന്‍.സി.പിക്കു 16 ഉം ശിവസേനക്ക് 15 ഉം കോണ്‍ഗ്രസിന് 12 ഉം മന്ത്രിമാര്‍ ഉണ്ടാകും. ഉപമുഖ്യമന്ത്രി സ്ഥാനം എന്‍.സി.പിക്കാണ്. സ്പീക്കര്‍ പദവി കോണ്‍ഗ്രസിനും ഡെപ്യൂട്ടി സ്പീക്കര്‍ പദവി എന്‍.സി.പിക്കും നല്‍കാനും യോഗം തീരുമാനിച്ചു.

എന്‍.സി.പിയിലേക്ക് മടങ്ങിവന്ന അജിത്പവാറിനെ ഉപമുഖ്യമന്ത്രി ആക്കുന്ന കാര്യത്തില്‍ ശിവസേനയും എന്‍.സി.പിയും തമ്മില്‍ ഇതുവരെ ധാരണ രൂപപ്പെട്ടിട്ടില്ല. അജിത്പവാര്‍ വിരുദ്ധ നിലപാട് ശിവസേനയുടെ സഞ്ജയ് റാവത്ത് പ്രഖ്യാപിച്ചത് എന്‍.സി.പിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ശിവാജി പാര്‍ക്കില്‍ നടക്കുന്ന ചടങ്ങ് ആഘോഷമാക്കി മാറ്റാനുള്ള ശ്രമങ്ങളിലാണ് ശിവസേന.

ഇതിനിടെ ഡല്‍ഹിയിലെത്തിയ ആദിത്യ താക്കറെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരെയും ആദിത്യ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചു. എന്നാല്‍ രാഹുല്‍ ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. വൈകിട്ട് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കാനുള്ള സാധ്യത ഇല്ല.