ബിന്ദു അമ്മിണിയ്ക്കെതിരായ ആക്രമണം: ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകു സ്പ്രേ ആക്രമണമുണ്ടായ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദീകരിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. കമ്മീഷ്ണര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന ബോട്ട് ജെട്ടിക്കു മുമ്പിലത്തെ കെട്ടിടത്തിന്റെ മുമ്പിലായിരുന്നു സംഭവം.

ശബരിമല ദര്‍ശനത്തിനായി പുലര്‍ച്ചെ നെടുമ്പാശേരിയിലെത്തിയ തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം വിമാനത്താവളത്തിനപുറത്തുവച്ച് ചേര്‍ന്നതാണ് ബിന്ദു. ഇവര്‍ പോലീസ് സുരക്ഷ ആവശ്യപ്പെട്ട് ആലുവ റൂറല്‍ എസ്.പി ഓഫിസിലെത്തിയെങ്കിലും കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ സമീപിക്കാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് സംഘം പോലീസ് കമ്മീഷണറേറ്റിലെത്തി കമ്മീഷണര്‍ക്കായി കാത്തിരുന്നു. ബിന്ദു പുറത്തു വന്നപ്പോഴാണ് മുളകുപൊടി ആക്രമണമുണ്ടായത്. ബി.ജെ.പി പ്രവര്‍ത്തകര്‍ ഇവരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതും പ്രശ്നം സങ്കീര്‍ണമാക്കി. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ശ്രീനാഥാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിരുന്നു.

ബിന്ദു ഇയാളെ ചൂണ്ടിക്കാട്ടിയിട്ടും പോലീസ് സംഭവത്തിന് ദൃക്സാക്ഷിയായിട്ടും ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ ആദ്യം തയാറായില്ല. പ്രതിഷേധത്തെ തുടര്‍ന്നാണ് പിന്നീട് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സ്പ്രേ ചെയ്തത് മുളകുപൊടിയല്ലെന്നും ചുവന്ന ചായപ്പൊടിയായിരുന്നെന്നുമുള്ള വിശദീകരണവുമായി സംഘ്പരിവാറുകാര്‍ രംഗത്തെത്തി. മുളകുപൊടി പറ്റിയതിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട ബിന്ദുവിനെ പിങ്ക് പോലീസ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അവിടെയും പ്രതിഷേധക്കാരെത്തിയത് ആശുപത്രി പരിസരത്തെ സംഘര്‍ഷഭരിതമാക്കി. പരിശോധനയില്‍ ബിന്ദുവിന് ഗുരുതര പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് കണ്ടെത്തിയിരുന്നു.