മാമാങ്കം റിലീസിന് മുമ്പേ റിവ്യു; സജീവ് പിളള അടക്കം ഏഴ് പേര്‍ക്കെതിരെ കേസ്

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം സിനിമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാമാങ്കം സിനിമയുടെ തിരക്കഥാകൃത്ത് വിതുര സ്വദേശി സജീവ് പിള്ള, നിരഞ്ജന്‍ വര്‍മ്മ , അനന്തു കൃഷ്ണന്‍, കുക്കു അരുണ്‍, ജഗന്നാഥന്‍, സി.ബി.എസ് പണിക്കര്‍, ആന്റണി എന്നിവര്‍ക്കെതിരെയും, ഈഥന്‍ ഹണ്ട് എന്ന ഫെയ്‌സ് ബുക്ക് അക്കൗണ്ടിനെതിരെയും ഐ.പി.സി 500, സൈബര്‍ ആക്ട് 66ഡി പ്രകാരമാണ് കേസെടുത്തത്. സിനിമയെ തകര്‍ക്കാന്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ആള്‍മാറാട്ടം നടത്തി എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. മാമാങ്കത്തിന്റെ നിര്‍മ്മാണ കമ്പനിയാണ് പരാതി നല്‍കിയത്. പരാതിയില്‍ വിതുര പോലീസാണ് കേസെടുത്തത്.