മഹാരാഷ്ട്രയില്‍ ‘മഹാ വികാസ് അഖാഡി’ സര്‍ക്കാര്‍; നയിക്കുക ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെയെ ഐക്യഖണ്ഡേന നിര്‍ദേശിച്ച് സേന, എന്‍.സി.പി, കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം. പ്രത്യേക പ്രമേയത്തിലൂടെയാണ് ഉദ്ധവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. മഹാ വികാസ് അഖാഡി എന്ന പേരിലുള്ള ത്രികക്ഷി സര്‍ക്കാരിനെ നയിക്കുന്നത് ഉദ്ധവ് ആകണമെന്നാണ് മൂന്ന് പാര്‍ട്ടികളിലെയും എം.എല്‍.എമാരുടെ അഭിപ്രായം. മുംബൈയിലെ ട്രിഡന്റ് ഹോട്ടലില്‍ നടന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തില്‍ 80 മണിക്കൂര്‍ മാത്രം പിന്നിട്ട സര്‍ക്കാര്‍ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ത്രികക്ഷി മുന്നണിയുടെ സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യത തെളിഞ്ഞത്.

അതേസമയം സംസ്ഥാനം ഭരിക്കുന്നത് സംബന്ധിച്ച് താന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ലെന്ന് ഉദ്ധവ് താക്കറെ യോഗത്തില്‍ വ്യക്തമാക്കി. സോണിയാ ഗാന്ധിയോടും മറ്റുള്ളവരോടും ഞാന്‍ നന്ദി പറയുകയാണ്. പരസ്പരം വിശ്വസിച്ച് പുതിയ പാതയിലേക്ക് ഞങ്ങള്‍ വഴിതുറക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ച് ഉദ്ധവ് ഇന്ന് തന്നെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടേക്കും. ഇന്നലെ വൈകീട്ടോടെ മുംബൈയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന ശക്തി വെളിപ്പെടുത്തുന്ന യോഗത്തോടെയാണ് ബി.ജെ.പിയുടെ പ്രതീക്ഷകളെല്ലാം തകര്‍ന്നടിഞ്ഞത്.

162 എം.എല്‍.എമാര്‍ തങ്ങളോടൊപ്പമുണ്ടെന്ന് പ്രതിപക്ഷം തെളിയിച്ചതോടെ തങ്ങള്‍ക്ക് ആവശ്യമായ ഭൂരിപക്ഷമില്ലെന്ന് ദേവേന്ദ്ര ഫട്നാവിസിന് തന്നെ സമ്മതിക്കേണ്ടി വരികയായിരുന്നു. പിന്നീട് ഉപമുഖ്യമന്ത്രി അജിത് പവാറും രാജിവച്ചതോടെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്.