അജിത് പവാറിന് ‘ഘര്‍ വാപസി’; ത്രികക്ഷി സംയുക്ത യോഗത്തില്‍ പങ്കെടുത്തേക്കും

മുംബൈ: ബി.ജെ.പിക്ക് മഹാരാഷ്ട്രയിലെ എക്കാലത്തെയും നാണക്കേട് സമ്മാനിച്ച് ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ച അജിത് പവാര്‍ സ്വന്തം പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചെത്തുന്നു. ഘര്‍ വാപസി എന്ന് എന്‍.സി.പിനേതാക്കള്‍ തന്നെ വിശേഷിപ്പിച്ച ഈ നീക്കത്തിലൂടെ ഇന്ന് വൈകീട്ട് നടക്കുന്ന ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ സംയുക്ത യോഗത്തില്‍ അജിത് പവാര്‍ പങ്കെടുത്തേക്കും. മുംബൈയിലെ ട്രിഡന്റ് ഹോട്ടലിലാണ് സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച യോഗം നടക്കുന്നത്. ഹോട്ടലിന് സമീപം അജിത് പവാറിന്റെ അനുയായികള്‍ ‘അജിത് ദാദ വി ലവ് യു’ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി നിലയുറപ്പിച്ചിട്ടുണ്ട്.

അതേസമയം ഗവര്‍ണര്‍ ഭഗത് സിങ് കൊശിയാരി നാളെ രാവിലെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടിയിട്ടുണ്ട്. രാവിലെ എട്ട് മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ മുഴുവന്‍ എം.എല്‍.എമാരുടെയും സത്യപ്രതിജ്ഞ നടക്കും. തങ്ങള്‍ക്ക് 162 എം.എല്‍.എമാരുടെ പന്തുണയുണ്ടെന്ന് സേന, എന്‍.സി.പി, കോണ്‍ഗ്രസ് ത്രികക്ഷി സഖ്യം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചേക്കും. അങ്ങനെയെങ്കില്‍ ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും.

അര്‍ധരാത്രിയില്‍ അട്ടമിറി നടത്തി അധികാരത്തിലേറിയ ദേവേന്ദ്ര ഫദ്നാവിസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക് വെറും 80മണിക്കൂര്‍ മാത്രമാണ് ആ സ്ഥാനത്ത് തുടരാനായത്. ഇന്ന് രാവിലെയോടെ അജിത് പവാര്‍ സ്ഥാനം രാജിവെച്ചത് ജനാധിപത്യക്കശാപ്പിന് നേതൃത്വം നല്‍കിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി മാറുകയായിരുന്നു.