പടിയിറക്കം; വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ ഫഡ്നാവിസ് രാജിവച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയം ഉറപ്പിച്ചതോടെ ഉപമുഖ്യമന്ത്രി അജിത് പവാറിന് പിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസും രാജിവച്ചു. നാളെ വൈകിട്ട് അഞ്ച് മണിക്കകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് രാജി. മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാജിപ്രഖ്യാപനം നടത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ദേവേന്ദ്ര ഫട്‌നാവിസും അജിത് പവാറും യഥാക്രമം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി ചുമതലയേറ്റത്.

പുലര്‍ച്ചെ രാഷ്ട്രപതി ഭരണം പിന്‍വലിക്കുകയും രാവിലെ ഏഴരയോടെ സത്യപ്രതിജ്ഞ നടത്തുകയും ചെയ്തത് രാഷ്ട്രീയവൃത്തങ്ങളില്‍ ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ വിശ്വാസ വോട്ടെടുപ്പ് എത്രയുംവേഗം നടത്തണമെന്ന് ആവശ്യപ്പെട്ട് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് ത്രികക്ഷി സഖ്യം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഇന്ന് രാവിലെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി പുറത്തുവന്നത്. നാളെ വൈകുന്നേരം, അഞ്ചു മണിക്കുള്ളില്‍ എം എല്‍ എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ഉടന്‍ തന്നെ വിശ്വാസവോട്ട് തേടണമെന്ന് ആയിരുന്നു കോടതിയുടെ നിര്‍ദ്ദേശം.