ബി.ജെ.പിയുടെ കളി അവസാനിച്ചു; വിധി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാഴികക്കല്ല്; നവാബ് ഖാന്‍

ഡല്‍ഹി: മഹാരാഷ്ട്രയില്‍ നാളെ തന്നെ ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നുള്ള സുപ്രീം കോടതി വിധി ഇന്ത്യന്‍ ജനാധിപത്യത്തിലെ നാഴികക്കല്ലെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക്ക്. നാളെ അഞ്ചു മണിക്ക് മുമ്പു തന്നെ ബി.ജെ.പിയുടെ കളി അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യം എല്ലാകാലത്തും വിജയിക്കും. ബി.ജെ.പിയുടെ കളി അവസാനിക്കും അദ്ദേഹം ട്വിറ്ററിലും കുറിച്ചു. മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി അറിയിച്ചത്.

സമയം നീട്ടിനല്‍കണമെന്ന ആവശ്യം തള്ളിയാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. രാവിലെ 11 മണിക്ക് വോട്ടെടുപ്പ് നടത്താനാണ് നിര്‍ദേശം. ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് എന്‍.വി രമണയാണ് വിധി വായിച്ചത്. കുതിരക്കച്ചവടം തടയാനാണ് പെട്ടെന്നു തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു. അഞ്ചുമണിക്ക് മുന്‍പായി വിശ്വാസവോട്ട് തേടിയിരിക്കണമെന്ന് ഗവര്‍ണറുടെ ഓഫീസിന് കോടതി നിര്‍ദേശവും നല്‍കി. നടപടികളെല്ലാം തല്‍സമയം സംപ്രേഷണം ചെയ്യാനും നിര്‍ദേശമുണ്ട്. വിശ്വാസ വോട്ടെടുപ്പ് തേടാന്‍ രണ്ടാഴ്ച സമയം വേണമെന്നതുള്‍പ്പെടെയുള്ള ബി.ജെ.പിയുടെ ആവശ്യങ്ങളെല്ലാം തള്ളിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.