അഫ്ഗാനില്‍ കീഴടങ്ങിയ ഐ.എസ് സംഘത്തിലെ മലയാളി യുവതിയെ തിരിച്ചറിഞ്ഞു

ഡല്‍ഹി: അഫ്ഗാനില്‍ കീഴടങ്ങിയ ഐ.എസ് സംഘത്തിലെ മലയാളി യുവതികളിലൊരാള്‍ കാസര്‍കോട് സ്വദേശി അയിഷ എന്ന സോണിയ സെബാസ്റ്റ്യനാണെന്ന് തിരിച്ചറിഞ്ഞതായി സൂചന. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു പത്രമാണ് ഇതു സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഫോട്ടോ കണ്ടാണ് അയിഷയെ തിരിച്ചറിഞ്ഞെതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ നിന്ന് ഐ.എസ് സംഘത്തിലെ അംഗങ്ങള്‍ കീഴടങ്ങിയതായും അതില്‍ ഇന്ത്യക്കാരുള്ളതായും വിവരമില്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം.

കാസര്‍കോട് തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍റാഷിദിന്റെ ഭാര്യയാണ് എറണാകുളം വൈറ്റില സ്വദേശിനിയായ അയിഷ. രാജ്യം വിടുമ്പോള്‍ അയിഷ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് അവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍
യു.എസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടതായി നാട്ടിലുള്ളവര്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. ഭീകരര്‍ കീഴടങ്ങിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ തൃക്കരിപ്പൂരിലെത്തി ഐ.എ.സില്‍ ചേര്‍ന്നു എന്ന് സംശയിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് ഇവര്‍ പലരുടേയും ഫോട്ടോകള്‍ കാണിച്ചെങ്കിലും ആരേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

കൂടുതല്‍ വിവരങ്ങളൊന്നും നാട്ടുകാര്‍ക്ക് ലഭിച്ചിട്ടുമില്ല. തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍റാഷിദ്, ഭാര്യ അയിഷ, രണ്ട് വയസുള്ള പെണ്‍കുട്ടി സാറ, പടന്നയിലെ ഡോ.പി.കെ ഇജാസ്, ഭാര്യ പടന്നക്കാട് സ്വദേശിനി ഡോ.ജസീല, ഇവരുടെ രണ്ട് വയസുള്ള ആണ്‍കുട്ടി. സഹോദരന്‍ പി.കെ ശിഹാസ്, ഭാര്യ മംഗളുരു ഉള്ളാള്‍ സ്വദേശിനി അജ്മല, തൃക്കരിപ്പൂര്‍ മൈതാനിയിലെ മുഹമ്മദ് മന്‍ഷാദ്, തൃക്കരിപ്പൂരിലെ കെ.വി.പി മര്‍വാന്‍, പടന്ന ആശുപത്രിക്ക് സമീപം ഹഫിസുദ്ദീന്‍, പെട്രോള്‍ പമ്പിന് സമീപത്തെ പി.കെ അഷ്‌റഫ്, തെക്കെ തൃക്കരിപ്പൂര്‍ മൈതാനിയിലെ ഫിറോസ്, പടന്ന വടക്കെപുറത്തെ മുര്‍ഷിദ് മുഹമ്മദ്, കാവുന്തലയിലെ സാജിദ്, പാലക്കാട് സ്വദേശികളായ ഈസ, യഹിയ ഇവരുടെ ഭാര്യമാരുള്‍പെടുന്ന സംഘമാണ് സംഘടനയിലേക്ക് ചേക്കേറിയതെന്നാണ് പറയപ്പെടുന്നത്.

അഫ്ഗാനിലെ തോറബോറ മലനിരകളിലാണ് സംഘം താമസിച്ചിരുന്നത്. ഇവരില്‍ ഹഫീസുദ്ദീന്‍, സാജിദ്, മര്‍വ്വാന്‍, പാലക്കാട്ടെ ഈസ എന്നിവര്‍ വിവിധ കാലയളവില്‍ കൊല്ലപെട്ടതായി വിവരം ലഭിച്ചിരുന്നു. ഐ.എസില്‍ ചേക്കേറിയ പത്ത് ഇന്ത്യന്‍ സ്ത്രീകളും കുട്ടികളും അഫ്ഗാന്‍ സേനക്ക് കീഴടങ്ങിയതില്‍ കേരളത്തില്‍ നിന്നടക്കമുള്ളവരുമുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. അമേരിക്കന്‍ സേനയുടെ സഹായത്തോടെ അഫ്ഗാന്‍ സേന അക്രമം കടുപ്പിച്ചതോടെ വിദേശികളടക്കമുളള 900 ഐ.എസുകാര്‍ കീഴടങ്ങിയതായി നേരത്തെ അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

ഇതിനുശേഷം അച്ചിന്‍ ജില്ലയില്‍ നിന്ന് 22 ഐ.എസുകാര്‍ അഫ്ഗാന്‍ സേനക്ക് കീഴടങ്ങിയതായി വാര്‍ത്ത പുറത്തുവിട്ട ശേഷമാണ്കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ നിന്നും കേരളത്തില്‍ നിന്നുള്ള 10 ഇന്ത്യന്‍ സ്ത്രീകളും കുട്ടികളും കീഴടങ്ങിയതെന്നാണ് വാര്‍ത്തകള്‍ വന്നത്. തൃക്കരിപ്പൂര്‍, പടന്ന മേഖലയില്‍ നിന്ന് ഐ.എസിലേക്ക് ചേക്കേറിയ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും കീഴടങ്ങിയവരിലുണ്ടെന്നായിരുന്നു വിവരം. തൃക്കരിപ്പൂര്‍, പടന്ന മേഖലകളില്‍ നിന്നുളള നാലോളം ആളുകള്‍ അമേരിക്കന്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സി നേരത്തെ സ്ഥിരീകരിച്ചിരുന്നു. അഞ്ച് സ്ത്രീകളും രണ്ടു കുട്ടികളുമുള്‍പ്പെടെ 21 പേരാണ് 2016 മെയ് 25 മുതല്‍ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ ശ്രീലങ്കയിലേക്ക് ബിസിനസ് ആവശ്യാര്‍ത്ഥം പോകുന്നുവെന്ന് പറഞ്ഞ് വീടുവിട്ടത്.