തൃപ്തിയും സംഘവും മലകയറാതെ മടങ്ങുന്നു, പ്രതിഷേധവും അടങ്ങി

കൊച്ചി: ശബരിമല ദര്‍ശനത്തിന് ആക്ടിവിസ്റ്റ് തൃപ്തി ദേശായിയും സംഘവും എത്തിയ സംഭവത്തില്‍ പ്രതിഷേധക്കാരുടെയും പോലീസിന്റെയും അതൃപ്തി അതിരുവിട്ടതോടെ തൃപ്തി ദേശായിയും സംഘവും മടങ്ങിപ്പോകാന്‍ തീരുമാനിച്ചു. ശബരിമലയിലേക്കില്ലെന്നും തങ്ങള്‍ തിരിച്ചു പോകുകയാണെന്നും തൃപ്തി ദേശായി തന്നെ പോലീസിനെ അറിയിച്ചതോടെയാണ് കമ്മീഷണര്‍ ഓഫീസിനു മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചത്.

ഇവരുടെ വരവിന്റെ പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ക്ക് സുരക്ഷ ഒരുക്കാനാകില്ലെന്ന് പോലീസും വ്യക്തമാക്കി, മടങ്ങിപോകാനും പോലീസ് നിര്‍ബന്ധിച്ചു.  പോലീസിന് സുരക്ഷ ഒരുക്കാനാകില്ലെങ്കില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്നായിരുന്നു തൃപ്തി ദേശായിയുടെ നിലപാട്. ശബരിമല സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിക്കും കത്തയച്ചശേഷമാണ് താന്‍ ദര്‍ശനത്തിനെത്തിയിരിക്കുന്നതെന്നും അവര്‍ അറിയിച്ചു.

എന്നാല്‍ പ്രതിഷേധം ശക്തമാണെന്നും നിങ്ങളുടെ ജീവനുപോലും
ഭീഷണിയുണ്ടെന്നും എന്തെങ്കിലും സംഭവിച്ചാല്‍ പോലീസിന് ഉത്തരവാദിത്വമുണ്ടായിരിക്കില്ലെന്നും പോലീസ് അറിയിച്ചതോടെയാണ് ഇവര്‍ മടങ്ങാമെന്ന് സമ്മതിച്ചത്. ഇന്നു രാത്രി 12 മണിക്കുള്ള ഫ്ളൈറ്റില്‍ തിരിച്ചുപോകാമെന്നാണ് അറിയിച്ചിരിക്കുന്നത്. അതുവരെ പോലീസ് സുരക്ഷ
ഒരുക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കാമെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നു. അതേ സമയം ബി.ജെ.പി നേതാവിന്റെ അറിവോടെയാണ് മുളക് സ്പ്രേ പ്രയോഗം നടത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കടകംപള്ളി പറഞ്ഞു. ഇതെല്ലാം കൂട്ടിവായിച്ചാല്‍ ഉത്തരം വ്യക്തമാണെന്ന സൂചനയും അദ്ദേഹം നല്‍കി.