കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കട്ടപ്പന: രാജകുമാരി എന്‍.എസ്.എസ് കോളേജിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. രാജകുമാരി സ്വദേശി ചൂടംമാനയില്‍ ജോജിന്‍ ഫ്രാന്‍സിസ് (18) ആണ് മരിച്ചത്. അപകടത്തില്‍ രാജകുമാരി വട്ടുകുന്നേല്‍ നിതിന്‍ ജോസഫി(21)ന് ഗുരുതരമായി പരിക്കേറ്റു. രാജകുമാരി ഭാഗത്ത് നിന്നും വന്ന കാറില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബൈക്കിനു തീ പിടിച്ചു. റോഡിലേക്ക് തെറിച്ചു വീണ് ഗുരുതര പരിക്കേറ്റ യുവാക്കളെ പരിസരവാസികള്‍ രാജകുമാരി ദൈവമാതാ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിയില്‍ വെച്ച് ജോജിന്‍ മരണപ്പെടുകയായിരുന്നു. നിധിന്‍ രാജകുമാരിയിലെ കച്ചവട സ്ഥാപനത്തിലെ ജീവനക്കാരന്‍ ആണ്.