മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണം; സമയം നീട്ടി നല്‍കില്ല

ഡല്‍ഹി: അര്‍ധരാത്രി അട്ടിമറിയിലൂടെ മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് നാളെ തന്നെ വിശ്വാസവോട്ട് തേടാന്‍ സുപ്രീംകോടതി ഉത്തരവ്. സമയം നീട്ടിനല്‍കണമെന്ന ആവശ്യം തള്ളിയാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. രാവിലെ 11 മണിക്ക് വോട്ടെടുപ്പ് നടത്താനാണ് നിര്‍ദേശം. ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് എന്‍.വി രമണയാണ് വിധി വായിച്ചത്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ കക്ഷികള്‍ ഭരണഘടനയോടുള്ള ബാധ്യത നിവേറ്റണമെന്നും രാജ്യത്തെ ജനാധിപത്യ സംവിധാനവുമായി ബന്ധപ്പെട്ടതാണ് കേസെന്നും, ഭരണഘടനാ ദിനമായ ഇന്നത്തെ പ്രത്യേകത ഓര്‍മിപ്പിച്ച് ജഡ്ജി പറഞ്ഞു.

വോട്ടെടുപ്പ് നടപടികളെല്ലാം ക്യാമറയില്‍ പകര്‍ത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചു. രഹസ്യ ബാലറ്റ് ഇല്ലെന്നും കോടതി വ്യക്തമാക്കി. ഞായറാഴ്ച അടിയന്തരമായി വാദം കേട്ട ശേഷം എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച്, ഇന്നലെ രേഖകള്‍ പരിശോധിക്കുകയും വാദം കേള്‍ക്കുകയും ചെയ്ത ശേഷം വിധി ഇന്നത്തേക്കു മാറ്റുകയായിരുന്നു. മഹാരാഷ്ട്രയില്‍ അടിയന്തരമായി വിശ്വാസവോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ശിവസേന,എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യമാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിശ്വാസവോട്ടെടുപ്പ് വൈകുന്നത് ബി.ജെ.പിക്ക് കുതിരക്കച്ചവടത്തിന് അവസരം നല്‍കുമെന്ന ആശങ്കയെത്തുടര്‍ന്നായിരുന്നു.

ഇന്നലെ ആകെയുള്ള 54 എന്‍.സി.പി എം.എല്‍.എമാരുടെ പിന്തുണ അവകാശപ്പെട്ട് അജിത് പവാര്‍ നല്‍കിയ കത്ത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ സമര്‍പ്പിച്ചത്. എം.എല്‍.എമാരെല്ലാം ബി.ജെ.പിക്ക് പിന്തുണ നല്‍കിയതായി മേത്ത പറഞ്ഞു. 170 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട ദേവേന്ദ്ര ഫഡ്നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ച കത്തും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വായിച്ചു.

എന്നാല്‍ അജിത് പവാര്‍ നല്‍കിയ കത്ത് എം.എല്‍.എമാര്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കിക്കൊണ്ടുള്ളതല്ലെന്നും അജിത് പവാറിനെ സഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത് എം.എല്‍.എമാര്‍ ഒപ്പിട്ട കത്തു മാത്രമാണെന്നുമായിരുന്നു എന്‍.സി.പിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിഷേക് മനുസിങ്വിയുടെ വാദം. അതേസമയം, ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് ഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിയ എന്‍.സി.പിയുടെ വിമത നേതാവ് അജിത് പവാറിനൊപ്പം ഇനി അവശേഷിക്കുന്നത് ഒരു എം.എല്‍.എ മാത്രം. ഇന്നലെ രണ്ടു എം.എല്‍.എമാര്‍ കൂടി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നതോടെയാണിത്.

ദൗലത്ത് ദറോദ, അനില്‍ പാട്ടീല്‍ എന്നിവരാണ് പുതുതായി ശരത് പവാറിന് പിന്തുണ അറിയിച്ചത്. ഡല്‍ഹിയിലായിരുന്ന ഇരുവരും ഗുരുഗ്രാമിലെ ഹോട്ടലില്‍ സുരക്ഷിതരാണെന്ന് പാര്‍ട്ടി അറിയിച്ചു. ഡല്‍ഹിയിലെ ഹോട്ടലില്‍ തന്നെ 200ഓളം ബി.ജെ.പി പ്രവര്‍ത്തകരും പോലീസും വളഞ്ഞുവെന്നും അതോടെ ഭയപ്പെട്ടുവെന്നും ഇപ്പോള്‍ സുരക്ഷിതനാണെന്നും അനില്‍ പാട്ടീല്‍ പറഞ്ഞു. എന്‍.സി.പിയുടെ ആകെയുള്ള 54 എം.എല്‍.എമാരില്‍ 52 പേരും തങ്ങള്‍ക്കൊപ്പമാണെന്ന് പാര്‍ട്ടി വക്താവ് നവാബ് മാലിക് പറഞ്ഞു.