കാലാവസ്ഥ പ്രവചിക്കാന്‍ സംസ്ഥാനത്തിന് പുതിയ റഡാര്‍ സ്റ്റേഷന്‍ കൂടി; രാജ്യത്ത് ഇത്രയും റഡാര്‍ കവറേജ് ലഭിക്കുന്ന ഏക സംസ്ഥാനമാകാന്‍ കേരളം

കോഴിക്കോട്: കേരളത്തില്‍ പുതിയ റഡാര്‍ സ്റ്റേഷന്‍ കൂടി സ്ഥാപിക്കാന്‍ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ അനുമതി. വടക്കന്‍ കേരളത്തില്‍ റഡാര്‍ കവറേജ് നല്‍കാനായി കണ്ണൂരിലാണ് ഇതു സ്ഥാപിക്കുക. നിലവില്‍ തിരുവനന്തപുരത്തും കൊച്ചിയിലും മാത്രമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന് കീഴില്‍ ഡോപ്ലര്‍ വെതര്‍ റഡാര്‍ സ്റ്റേഷനുകളുള്ളൂ. കോഴിക്കോട് വരെ മാത്രമാണ് നിലവില്‍ കൊച്ചിയിലുള്ള റഡാര്‍ പരിധിയില്‍ വരുന്നുള്ളൂ. വടക്കന്‍ കേരളത്തില്‍ റഡാര്‍ സ്ഥാപിക്കണമെന്ന് 2018ലെ പ്രളയത്തിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

കര്‍ണാടകയില്‍ ഒരു റഡാര്‍ സ്റ്റേഷന്‍ പോലും ഇല്ലെന്നിരിക്കെ മംഗലാപുരത്ത് റഡാര്‍ സ്ഥാപിക്കാന്‍ കേന്ദ്രം തത്വത്തില്‍ തീരുമാനിച്ചതിനു പിന്നാലെയായിരുന്നു കേരളത്തിന്റെ ആവശ്യം. മംഗലാപുരത്ത് റഡാര്‍ സ്ഥാപിച്ചാല്‍ കണ്ണൂര്‍ വരെ പരിധി ലഭിക്കുമെന്നതിനാല്‍ കേരളത്തിന്റെ ആവശ്യം പരിഗണിക്കില്ലെന്നായിരുന്നു സൂചന. എന്നാല്‍ മംഗലാപുരത്തോടൊപ്പം കേരളത്തിലും റഡാര്‍ കേന്ദ്രം സ്ഥാപിക്കാനാണ് ഒടുവില്‍ തീരുമാനമെടുത്തത്. ഇക്കാര്യം കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയം സെക്രട്ടറി എം.എന്‍ രാജീവന്‍ സ്ഥിരീകരിച്ചു.

തുടര്‍ച്ചയായി കനത്തമഴയും പ്രളയവും വടക്കന്‍ കേരളത്തില്‍ ഉണ്ടായ പശ്ചാത്തലം കൂടി പരിഗണിച്ചാണ് കേന്ദ്രത്തിന്റെ തീരുമാനം. ഐ.എസ്.ആര്‍.ഒ നിര്‍മ്മിച്ച എക്സ് ബാന്‍ഡ് റഡാറാണ് കണ്ണൂരില്‍ സ്ഥാപിക്കുക. മംഗലാപുരത്ത് സി- ബാന്‍ഡ് റഡാറും സ്ഥാപിക്കും. ഇതോടെ കേരളം നാലു കാലാവസ്ഥാ റഡാറുകളുടെ നിരീക്ഷണത്തിലാകും. ഇന്ത്യയില്‍ ഇത്രയും റഡാര്‍ കവറേജ് ലഭിക്കുന്ന ഏക സംസ്ഥാനവും കേരളമാകും. കണ്ണൂരില്‍ സ്ഥാപിക്കുന്ന റഡാര്‍ വയനാട്, കണ്ണൂര്‍ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ കനത്തമഴയും മറ്റും മണിക്കൂറുകള്‍ക്ക് മുന്‍പേ കേന്ദ്ര കാലാവസ്ഥാ വകുപ്പിന് പ്രവചിക്കാനാകും. ഇതോടൊപ്പം കേരളത്തില്‍ 100 ഓട്ടോമാറ്റഡ് വെതര്‍ സ്റ്റേഷനുകളും (എ.ഡബ്ല്യു.എസ്) അടുത്തവര്‍ഷം സ്ഥാപിക്കും.

അടുത്ത കാലവര്‍ഷത്തിനു മുന്‍പേ ഇതു പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് എ.ഡബ്ല്യു.എസുകള്‍ സ്ഥാപിക്കുക. 50 എണ്ണം ഈവര്‍ഷവും ശേഷിക്കുന്നവ അടുത്ത ജൂണിനു മുന്‍പും സ്ഥാപിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. കാലാവസ്ഥാ വകുപ്പാണ് ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് കൈമാറും. ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാകും ഇവ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കുക.