ഷഹ്‌ലയുടെ മരണം: ഡോക്ടറുടെ പേരില്‍ കേസെടുത്തതിനെതിരേ പ്രതിഷേധം

തിരുവനന്തപുരം: ബത്തേരിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തില്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ന്യായീകരിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത്. ഡോക്ടര്‍ക്കെതിരേ നരഹത്യക്ക് കേസെടുത്ത നടപടിയെയാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ അപലപിച്ചത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങള്‍ ശോചനീയാവസ്ഥയിലാണ്. അത്യാഹിത വിഭാഗത്തിലെ സാഹചര്യമോ അപര്യാപ്തതകളോ കണക്കിലെടുക്കാതെ മുഖം രക്ഷിക്കുന്നതിനുള്ള നടപടിയാണ് അധികൃതര്‍ സ്വീകരിച്ചതെന്നും കെ.ജി.എം.ഒ.എ കുറ്റപ്പെടുത്തുന്നു.

സര്‍ക്കാര്‍ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങള്‍ പലതും അതീവ ശോചനീയാവസ്ഥയിലാണ്. തിരക്കേറിയ സമയങ്ങളില്‍ പോലും അത്യാഹിതവിഭാഗം പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഉണ്ടാവുക. നിലവില്‍ ഒട്ടുമിക്ക താലൂക്കാശുപത്രികളിലും നാല് ഡോക്ടര്‍മാരെ വച്ചാണ് 24 മണിക്കൂര്‍ സേവനം ലഭ്യമാക്കുന്നത്.

ഈ ഡോക്ടര്‍മാര്‍ ആഴ്ചയില്‍ ഓഫോ അവധിയോ എടുക്കുമ്പോള്‍ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം താളം തെറ്റും. ഓരോ ആശുപത്രിയിലും കുറഞ്ഞത് എട്ടു ക്യാഷ്വാലിറ്റി എം.ഒ പോസ്റ്റുകള്‍ സൃഷ്ടിക്കണം എന്ന ആവശ്യം സംഘടന വര്‍ഷങ്ങളായി ഉന്നയിച്ചിട്ടും സര്‍ക്കാര്‍ അനുകൂല നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും സംഘടന കുറ്റപ്പെടുത്തുന്നു.