ശബരിമല സന്ദര്‍ശനം; തൃപ്തിയും സംഘവും കൊച്ചിയില്‍, സംഘത്തില്‍ ബിന്ദുവും

കൊച്ചി: ഭൂമാതാ ബ്രിഗേഡ് നേതാവും ആക്ടിവിസ്റ്റുമായ തൃപ്തി ദേശായി ശബരിമലയിലേക്ക്. ഇന്നു പുലര്‍ച്ചെ അഞ്ച് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അവര്‍ക്കൊപ്പം കഴിഞ്ഞ തവണ മലചവിട്ടാനെത്തിയ ബിന്ദു അമ്മിണി അടക്കം ഭൂമാതാ ബ്രിഗേഡിലെ
നാലുപേര്‍ കൂടിയുണ്ട്. കോട്ടയം വഴിയാണ് സംഘത്തിന്റെ യാത്ര. യുവതീ പ്രവേശത്തിന് സ്റ്റേ ഇല്ലെന്നും അതിനാല്‍ ദര്‍ശനം നടത്തിയ ശേഷമേ മടങ്ങൂവെന്നും അവര്‍ അറിയിച്ചു. നിലവില്‍ കൊച്ചി പോലീസ് കമ്മീഷ്ണര്‍ ആസ്ഥാനത്താണ് സംഘമുള്ളത്. അതേസമയം, കൊച്ചിയില്‍ സംഘത്തിലെ ബിന്ദു അമ്മിണിക്ക് നേരെ ആക്രമണമുണ്ടായി.

ബിന്ദുവിനെ തടഞ്ഞുവച്ച ശേഷം അവര്‍ക്കു നേരെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കുരുമുളക്സ്‌പ്രേ അടിക്കുകയായിരുന്നു. കൊച്ചി കമ്മീഷനര്‍ ഓഫീസിലേക്കു വരുന്നതിനിടെയാണ് ആക്രമണണുണ്ടായത്. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസിനെ അറിയിക്കാതെ രഹസ്യമായാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ശബരിമല ദര്‍ശനം അവകാശമാണെന്നും ശബരിമലയിലേക്ക് പോവാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നും തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രിംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു. എന്നാല്‍ സംഘ്പരിവാര്‍ സംഘടനകളുടെ അക്രമാസക്ത പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ക്ക് മടങ്ങേണ്ടിവന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് രഹസ്യമായി അവര്‍ കൊച്ചിയിലെത്തിയത്.