162 എം.എല്‍.എമാരെ പങ്കെടുപ്പിച്ച് ശക്തിപ്രകടനത്തിനൊരുങ്ങി ത്രികക്ഷി സഖ്യം

മുംബൈ: അര്‍ധരാത്രിയിലെ ജനാധിപത്യ അട്ടിമറിക്കെതിരേ കയ്യും മെയ്യും മറന്ന് തിരിച്ചടിക്കാനൊരുങ്ങി എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേന സഖ്യം. ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ 162ഓളം എം.എല്‍.എമാരെ പങ്കെടുപ്പിച്ച് ശക്തിപ്രകടനം നടത്താന്‍ ഒരുങ്ങുകയാണ് ത്രികക്ഷി സഖ്യം. കോണ്‍ഗ്രസിലെയും എന്‍.സി.പിയിലെയും ശിവസേനയിലും എം.എല്‍.എമാരാണിത്.

288 അംഗ അസംബ്ലിയില്‍ തങ്ങളുടെ ഭൂരിപക്ഷം തെളിയിക്കാന്‍ മുഴുവന്‍ എം.എല്‍.എമാരെയും പങ്കെടുപ്പിച്ച് ഇന്ന് വൈകീട്ടോടെ ശക്തിപ്രകടനം നടത്തുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. ”വന്ന് കണ്ടുകൊള്ളൂ” എന്ന തലക്കെട്ടോടെ മഹാരാഷ്ട്ര ഗവര്‍ണറെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. അതേസമയം എന്‍.സി.പി നേതാവ് ശരത് പവാറും മകള്‍ സുപ്രിയ സുലേയും ഹോട്ടലില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.