‘വെയില്‍’ ടീമിനെ പ്രതിസന്ധിയിലാക്കി പുതിയ ലുക്കില്‍ ഷെയ്ന്‍ നിഗം

കൊച്ചി: വെയില്‍ സിനിമയെ വീണ്ടും പ്രതിസന്ധിയിലാക്കി ഷെയ്ന്‍ നിഗം. സിനിമ പൂര്‍ത്തിയാക്കും മുന്‍പ് ഗെറ്റപ്പ് ചെയ്ഞ്ച് നടത്തിയാണ് ഷെയിന്‍ നിര്‍മാതാവിനെയും സംവിധായകനെയും വെട്ടിലാക്കിയത്. സിനിമയുടെ സെറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം ഷെയ്ന്‍ ഇറങ്ങിപ്പോയത് വിവാദമായിരുന്നു. ഷെയ്‌നിന്റെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ നിമിഷ നേരം കൊണ്ട് വൈറലായി.

വെയില്‍ സിനിമയുമായി ഇനി സഹകരിക്കില്ലെന്ന് വ്യക്തമായ സൂചന നല്‍കുന്നതാണ് ഷെയിനിന്റെ പുതിയ ചിത്രങ്ങള്‍. വെയില്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങില്‍ താരം സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. കഥാപാത്രത്തിനായി നീട്ടി വളര്‍ത്തിയ മുടി വെട്ടിയത് സിനിമയുടെ ചിത്രീകരണം മുടക്കാനെന്നാരോപിച്ച് നിര്‍മ്മാതാവ് ജോബി വധഭീഷണി മുഴക്കുന്നുവെന്ന ആരോപണം ഷെയ്ന്‍ തന്നെയായിരുന്നു ഉന്നയിച്ചത്.

എന്നാല്‍ പ്രതിഫല തര്‍ക്കമാണെന്നായിരുന്നു ജോബിയുടെ വാദം. ഇതിനിടെ താരസംഘടന ഇടപെട്ട് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തോട് താരം സഹകരിക്കുന്നില്ലെന്ന ആരോപണവുമായി സംവിധായകന്‍ ശരത് മേനോനും രംഗത്തെത്തിയതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. ഇക്കാര്യം ചൂണ്ടിക്കാട്ടി ജോബി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷെയ്ന്‍ മുടിവെട്ടി പുതിയ സ്‌റ്റൈല്‍ സ്വീകരിച്ചത്.