ഷുഹൈബ് വധക്കേസ്: സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടിസ്

ഡല്‍ഹി: ഷുഹൈബ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ നോട്ടിസ്. സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍യിലാണ് സംസ്ഥാന സര്‍ക്കാറിനോട് നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിന്റെ നിലപാട് കേട്ട ശേഷം കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. 2017 ഫെബ്രുവരി 12നു രാത്രിയാണു കാറിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. ശുഹൈബിന്റെ ശരീരത്തില്‍ 27 വെട്ടുകളാണേറ്റത്.

തടയാന്‍ ശ്രമിച്ച രണ്ടുപേര്‍ക്കും വെട്ടേറ്റു. (യു.എ.പി.എ) നിയമപ്രകാരമുള്ള കുറ്റമാണിതെന്നും ഭരണകക്ഷി നേതാക്കളുമായുള്ള പ്രതികളുടെ അടുപ്പം കാരണം പക്ഷപാതപരമായി നടത്തിയ അന്വേഷണത്തില്‍ യു.എ.പി.എ ചുമത്താതിരുന്നതാണെന്നും പ്രതികള്‍ക്ക് അനുകൂലമായുള്ള കേരളാ പോലീസിന്റെ ഏകപക്ഷീയ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മാതാപിതാക്കള്‍ ബോധിപ്പിച്ചു. കുറ്റകൃത്യത്തില്‍ പങ്കെടുത്ത പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വെറും അടിവസ്ത്രവും ചെരുപ്പും മാത്രമേ കണ്ടെടുക്കാനായുള്ളൂ.

മുഖ്യപ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയുധം കണ്ടെടുക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തിയത് അന്വേഷണത്തെ പ്രഹസനമാക്കി. ആരോപണ വിധേയരായ പ്രതികള്‍ക്കെതിരേ അന്വേഷണം നടത്തുന്നതിനു മുമ്പ് അവരുടെ വാദംകൂടി കേള്‍ക്കണമെന്ന ഡിവിഷന്‍ ബെഞ്ചിന്റെ കണ്ടെത്തലുകള്‍ ക്രിമിനല്‍ നടപടി സംഹിതയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണെന്നും അതു നിയമപരമായി നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.