പാര്‍ലമെന്റിലെ പ്രതിഷേധം; ഹൈബിക്കും പ്രതാപനും ഒരു ദിവസത്തെ സസ്‌പെന്‍ഷന്‍

ഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം ചര്‍ച്ച ചെയ്യാത്ത നടപടിക്കെതിരെ പ്ലക്കാഡുമായി ലോക്‌സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച എം.പിമാരെ ഒരു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് അംഗങ്ങളായ ടി.എന്‍ പ്രതാപനും ഹൈബി ഈഡനും എതിരെയാണ് സ്പീക്കറുടെ നടപടി.

ജാനാധിപത്യത്തെ കാശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് എഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതാപനും ഹൈബിയും പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ സഭയില്‍ നിന്നും നീക്കം ചെയ്യാന്‍ സ്പീക്കര്‍ ഓം ബിര്‍ല് നിര്‍ദേശം നല്‍കി. ഇതിനു പിന്നാലെയാണ് ഇരുവരെയും ഒരു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

പാര്‍ലമെന്റിലെ ബഹളത്തിനിടെ വനിതാ അംഗങ്ങളായ രമ്യ ഹരിദാസിനെയും ജ്യോതിമണിയെയും മാര്‍ഷല്‍ മര്‍ദ്ദിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബഹളം ശക്തമായതോടെ പാര്‍ലമെന്റിലെ ഇരുസഭകളും രണ്ടു മണി വരെ നിര്‍ത്തിവച്ചു. നടുത്തളത്തില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് വനിതാ എം.പിമാരെ മര്‍ദ്ദിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു.