കൂടത്തായി കേസ്: മൂന്നാംപ്രതി പ്രജികുമാറിന് ജാമ്യം

കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാം പ്രതിയായ പ്രജികുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പൊന്നാമറ്റം ടോം തോമസിന്റെ മകന്‍ റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ജോളിയും ബന്ധുവും ജ്വല്ലറി ജീവനക്കാരനുമായ മാത്യുവും സ്വര്‍ണപണിക്കാരന്‍ പ്രജികുമാറും അറസ്റ്റിലായത്. റോയ് തോമസിനെ കൊലപ്പെടുത്തുന്നതിന് മാത്യുവിന് സയനൈഡ് നല്‍കിയത് പ്രജികുമാറാണ്.

കൊലപാതകത്തിന് സഹായിച്ചെന്ന കുറ്റത്തിന് പുറമെ പ്രജികുമാറിനെതിരെ കൊലക്കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയാണ് പ്രജികുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്വര്‍ണപണിക്കാരനായ താന്‍ സ്വര്‍ണവുമായി ബന്ധപ്പെട്ട ജോലികള്‍ക്കാണ് സയനൈഡ് സൂക്ഷിച്ചത്. ആരെയും കൊലപ്പെടുത്താനും ഉപദ്രവിക്കാനും സയനൈഡ് നല്‍കിയിട്ടില്ലെന്നും പ്രജികുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.