ഭാരതം ‘സ്വച്ഛ’മായില്ല; മുപ്പത് ശതമാനത്തിലേറെ ഇന്ത്യക്കാരുടെയും വിസര്‍ജനം ഇപ്പോഴും ‘വെളി’ക്ക്, വെളിയിട വിസര്‍ജന മുക്ത വാദം പൊളിയുന്നു

ഡല്‍ഹി: രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ 95 ശതമാനം വീടുകളിലും കക്കൂസുകളായെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം തള്ളി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍.എസ്.ഒ) സര്‍വേ.71 ശതമാനം വീടുകളില്‍ മാത്രമാണ് കക്കൂസുകള്‍ എത്തിയതെന്നാണ് ശനിയാഴ്ച പുറത്തു വിട്ട
സര്‍വ്വേയില്‍ പറയുന്നത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ കീഴില്‍ ഇന്ത്യ വെളിയിട വിസര്‍ജന മുക്തമായെന്ന (ഒ.ഡി.എഫ്) പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തെറ്റാണെന്നും സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് പ്രധാനമന്ത്രി രാജ്യത്തെ വെളിയിട വിസര്‍ജന മുക്തമായി പ്രഖ്യാപിച്ചത്.

2018 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് സര്‍വേ നടത്തിയത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളെ സര്‍വേയ്ക്കു മുന്‍പുതന്നെ ഒ.ഡി.എഫായി പ്രഖ്യാപിച്ചിരുന്നു. ഇവിടങ്ങളില്‍ 100 ശതമാനവും കക്കൂസുകളെത്തിയെന്നും അവ പൂര്‍ണമായും ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്രം അവകാശപ്പെട്ടിരുന്നു. സര്‍വേ കാലയളവില്‍ ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളെയും ഒ.ഡി.എഫായി കേന്ദ്രം പ്രഖ്യാപിച്ചു. എന്നാല്‍ ജാര്‍ഖണ്ഡിലെ ഗ്രാമീണ മേഖലയില്‍ ആകെ 42 ശതമാനത്തില്‍ മാത്രമാണ് കക്കൂസുകളെത്തിയതെന്ന് സര്‍വേയില്‍ കണ്ടെത്തി. തമിഴ്നാട്ടിലാവട്ടെ അത് 37 ആണ്. രാജസ്ഥാനില്‍ 34 ആണെന്നും കണ്ടെത്തിയിരുന്നു. രണ്ടുവര്‍ഷം മുന്‍പുതന്നെ ഒ.ഡി.എഫായി പ്രഖ്യാപിച്ച ഗുജറാത്തില്‍ കാല്‍ഭാഗത്തോളം വീടുകളില്‍ കക്കൂസുകളില്ല.

2017 ഒക്ടോബറിലാണ് ഗുജറാത്തിനെ ഒ.ഡി.എഫായി പ്രഖ്യാപിച്ചത്. കര്‍ണാടകയില്‍ 30 ശതമാനം, മധ്യപ്രദേശില്‍ 29, ആന്ധ്രാപ്രദേശില്‍ 22, മഹാരാഷ്ട്രയില്‍ 22 എന്നിങ്ങനെയാണ് ബാക്കിയുള്ള ‘ഒ.ഡി.എഫ് സംസ്ഥാന’ങ്ങളില്‍ ഇനിയും കക്കൂസ് ലഭിക്കേണ്ടുന്ന കണക്കുകള്‍. 2018 ഒക്ടോബര്‍ ആദ്യവാരത്തില്‍ സ്വച്ഛ് ഭാരത് അഭിയാന്‍ (ഗ്രാമീണ്‍) പദ്ധതിയുടെ കീഴില്‍ 25 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒ.ഡി.എഫായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും 28.7 ശതമാനം വീടുകളിലും കക്കൂസുകള്‍ ലഭിക്കാനുണ്ടെന്നാണ് എന്‍.എസ്.ഒ പറയുന്നത്. അതേസമയം 2012ല്‍ ആകെ കക്കൂസുകള്‍ ഉണ്ടായിരുന്നത് 40 ശതമാനം വീടുകളില്‍ മാത്രമായിരുന്നു. ഇതാണ് ഇപ്പോള്‍ 71 ശതമാനത്തിലെത്തിയത്. രാജ്യ നേരിടുന്ന അടുത്ത ഏറ്റവും വലിയ വെല്ലുവിളി മാലിന്യ നിര്‍മാര്‍ജനമാണെന്നും സര്‍വേയില്‍ പറയുന്നു.