‘മഹാ’നാടകം പാര്‍ലമെന്റിനെയും പ്രക്ഷ്ബുദമാക്കും; നേതാക്കള്‍ സോണിയയുടെ വസതിയില്‍ യോഗംചേര്‍ന്നു

ഡല്‍ഹി: മഹാരാഷ്ട്ര അട്ടിമറി പാര്‍ലമെന്റിന്റെ ഇരുസഭകളെയും ഇന്ന് പ്രക്ഷുബ്ദമാക്കും. വിഷയം പാര്‍ലമെന്റില്‍ എങ്ങിനെ അവതരിപ്പിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വസതിയില്‍ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചചെയ്തു. ഗുലാംനബി ആസാദ്, കൊടിക്കുന്നില്‍ സുരേഷ്, അധിര്‍ രഞ്ജന്‍ ചൗധരി, കെ.സി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്. വിഷയം ഇരുസഭകളിലും ഉന്നയിക്കുമെന്നും സഭ സ്തംഭിപ്പിക്കുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

അരുണാചല്‍ പ്രദേശിലും ഗോവയിലും ബി.ജെ.പി. സര്‍ക്കാര്‍ ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്നും ഇപ്പോള്‍ മഹാരാഷ്ട്രയിലും കര്‍ണാടകയിലും കൊന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ലോക്സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസിനു പുറമെ ശിവസേനയും എന്‍.സി.പിയും വിഷയം ശക്തമായി ഉന്നയിക്കും. ഇടതു പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവരും ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരായ നിലപാട് സ്വീകരിക്കും.

അര്‍ധരാത്രിയില്‍ മന്ത്രിസഭായോഗം ചേരാതെ രാഷ്ട്രപതി ഭരണം പിന്‍വലിച്ച നടപടിയും മഹാരാഷ്ട്ര ഗവര്‍ണറുടെ വിവേചനപരമായ നിലപാടും സഭയില്‍ പ്രതിപക്ഷം ഉയര്‍ത്തും. ഇതോടെ ഇരുസഭകളും ഇന്ന് ബഹളത്തില്‍ മുങ്ങുമെന്ന് ഉറപ്പായി. ലോക്സഭയില്‍ ശിവസേനയ്ക്ക് 18 അംഗങ്ങളാണുള്ളത്. യു.പി.എയ്ക്ക് 92 അംഗങ്ങളുണ്ട്. രാജ്യസഭയില്‍ ശിവസേനയ്ക്ക് മൂന്നംഗങ്ങളും യു.പി.എക്ക് 66 അംഗങ്ങളുമാണുള്ളത്.