ഷഹലയുടെ മരണം; അറസ്റ്റിനു മുമ്പ് തെളിവ് ശേഖരിക്കാന്‍ പോലീസ് നീക്കം

സുല്‍ത്താന്‍ ബത്തേരി: സര്‍വജന സ്‌കൂള്‍ പരിസരം ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ന് വൃത്തിയാക്കും. പൂര്‍വ വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അങ്കണം സുരക്ഷിതമാക്കാന്‍ രംഗത്തിറങ്ങും.
സര്‍വ്വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചൊവ്വാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. യുപി വിഭാഗത്തിന് ഡിസംബര്‍ രണ്ടു വരെ അവധി നല്‍കിയിട്ടുണ്ട്. കേസില്‍ സാക്ഷിമൊഴികള്‍ രേഖപ്പെടുത്താന്‍ മാനന്തവാടി എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സ്‌കൂളില്‍ എത്തും.

അതേസമയം സ്‌കൂളിലെ മുഴുവന്‍ അധ്യാപകരെയും പുനര്‍വിന്യസിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന് പാമ്പുകടിയേറ്റ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റിന് മുമ്പ് ആവശ്യമായ തെളിവ് ശേഖരിക്കാനാണ് പോലീസ് നീക്കം. ഇന്ന് സര്‍വ്വജന സ്‌കൂളിലെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ വൈഭവ് സക്‌സേന സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരുടെ മൊഴികള്‍ രേഖപ്പെടുത്തും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഷഹലയുടെ വീട് സന്ദര്‍ശിക്കും.

കുട്ടിക്ക് പാമ്പുകടിയേറ്റ ക്ലാസ് മുറി ഉള്‍പ്പെടുന്ന കെട്ടിടം പൂര്‍ണമായും പൊളിച്ചു നീക്കാനാണ് ബത്തേരി നഗരസഭയുടെ തീരുമാനം. ഇതിനായുള്ള എസ്റ്റിമേറ്റ് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിക്കായി പ്രക്ഷോഭം തുടരുമെന്ന് നഗരസഭയിലെ യു.ഡി.എഫ് അംഗങ്ങള്‍ വ്യക്തമാക്കി. സ്‌കൂളിലെ പ്രിന്‍സിപ്പളിന്റെയും വൈസ് പ്രിന്‍സിപ്പാളിന്റെയും ചുമതലകള്‍ പുതിയ അധ്യാപകരെ ഏല്‍പ്പിച്ചിട്ടുണ്ട്. സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ ഷഹലയുടെ മരണത്തില്‍ പ്രതികരിച്ച കുട്ടികള്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാകരുതെന്നും കര്‍ശന നിര്‍ദ്ദേശം ഉണ്ട്. കിഫ്ബിയില്‍ വകയിരുത്തിയ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിട നിര്‍മ്മാണം ഫെബ്രുവരിയില്‍ തുടങ്ങും.