സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് മൂന്ന് സ്ത്രീകളടക്കം നാലുപേര്‍ മരിച്ചു

കൊച്ചി: അങ്കമാലി ദേശീയപാതയില്‍ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത്. ഓട്ടോയാത്രക്കാരായ മേരി മത്തായി (65), മേരി ജോര്‍ജ് (60), റോസി തോമസ് (55), ഡ്രൈവര്‍ ജോസഫ് പനങ്ങാട്ടുപറമ്പില്‍ എന്നിവരാണ് മരിച്ചത്. രാവിലെ 7.15ഓടെ അങ്കമാലി ദേശീയപാതയില്‍ ബാങ്ക് ജങ്ഷനിലായിരുന്നു അപകടം.

ഫോക്കസ് റോഡില്‍നിന്ന് ദേശീയപാതയിലേക്ക് കയറിവന്ന ഓട്ടോയില്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ബസ്സിന്റെ അടിയില്‍ കുടുങ്ങിയ ഓട്ടോ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഓട്ടോയിലുണ്ടായിരുന്നവര്‍ അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടംമൂലം ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സവുമുണ്ടായി.