ബി.ജെ.പിയുമായി സഖ്യമുണ്ടാകില്ല; അജിത് പവാറിന്റെ വാദങ്ങള്‍ തള്ളി ശരത് പവാര്‍

മുംബൈ: ഇപ്പോഴും എന്‍.സി.പി അംഗമാണെന്ന അജിത് പവാറിന്റെ ട്വീറ്റിനു പിന്നാലെ വിശദീകരണവുമായി ശരത് പവാര്‍ രംഗത്ത്. ബി.ജെ.പിയുമായി ഒരുതരത്തിലുമുള്ള സഖ്യത്തിനില്ലെന്നും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പവും ഭിന്നിപ്പുമുണ്ടാക്കാനാണ് അജിത് പവാറിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയുമായും, കോണ്‍ഗ്രസുമായും സഹകരിച്ച് സര്‍ക്കാര്‍ രൂപീകരിക്കണമെന്നത് പാര്‍ട്ടി ഐക്യഖണ്ഡേന എടുത്ത തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഇപ്പോഴും എപ്പോഴും എന്‍.സി.പി അംഗമായിരിക്കുമെന്നും ശരത് പവാറാണ് തങ്ങളുടെ നേതാവെന്നും നേരത്തേ അജിത് പവാര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള വിശദീകരണവുമായാണ് പാര്‍ട്ടി ചീഫ് തന്നെ രംഗത്ത് വന്നിരിക്കുന്നത്.