ഷഹലയുടെ മരണം; അറസ്റ്റ് ഒഴിവാക്കാന്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു

വയനാട്: സര്‍വ്വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഷഹ്ല ഷെറിന്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ നടപടിക്ക് വിധേയരായ അധ്യാപകരും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറും കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയതായി സൂചന. സസ്പെന്‍ഷനിലായ പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേയും ഡോക്ടര്‍ക്കെതിരേയും മനപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുമ്പു. എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റ് ഒഴിവാക്കാന്‍ ഇവരെല്ലാം ഒളിവില്‍. പോയെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു.

അതേസമയം താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ആന്റി സ്നേക്ക് വെനം ഇല്ലെന്ന വാദവുമായി ഇന്നലെ മലയാള മനോരമയില്‍ അഭിമുഖം നടത്തിയ ഡോക്ടറുടെ വെളിപ്പെടുത്തലുകള്‍ കളവാണെന്ന് ബോധ്യപ്പെട്ടു. കുട്ടിക്ക് 10 വയല്‍ ആന്റി വെനമെങ്കിലും വേണ്ടിടത്ത് ആകെയുണ്ടായിരുന്നത് ആറ് വയല്‍ മാത്രമാണെന്നാണ് ഇവര്‍ ഇന്നലെ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദമാണ് കളവാണെന്ന് തെളിഞ്ഞിരിക്കുന്നത്. ആശുപത്രിയില്‍ ആവശ്യത്തിന് ആന്റിവെനം ഉണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഇന്ന് പുറത്തുവന്നിരുന്നു. ഷെഹ്ലയുടെ പിതാവിനെതിരേ വരെ ഇവര്‍ വാദമുന്നയിരിച്ചിരുന്നു. കുട്ടിക്ക് ആന്റിവെനം നല്‍കാന്‍ പിതാവ് സമ്മതംപത്രം നല്‍കാന്‍ തയാറായില്ലെന്നും ഡോക്ടര്‍ ആരോപണമുന്നയിച്ചു. കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്നത് വരെ അറസ്റ്റ് ഒഴിവാക്കാനാണ് പ്രതികളുടെ ശ്രമമെന്നാണ് ലഭിക്കുന്ന വിവരം.