‘ഞാന്‍ എന്‍.സി.പിയിലാണ്’; ആശയകുഴപ്പം സൃഷ്ടിച്ച് അജിത് പവാറിന്റെ ട്വീറ്റുകള്‍

മുംബൈ: താന്‍ എന്നും എന്‍.സി.പിക്കാരനായിരിക്കുമെന്നും ശരത്പവാറാണ് തങ്ങളുടെ നേതാവെന്നും ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം അജിത് പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ബി.ജെ.പി-എന്‍.സി.പി സഖ്യം സംസ്ഥാനത്ത് അഞ്ച് വര്‍ഷം സുസ്ഥിര ഭരണം കാഴ്ചവെക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇനിയുള്ള അഞ്ച് വര്‍ഷം സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ പരിഭ്രമിക്കേണ്ട സാഹചര്യം ഒന്നും തന്നെയില്ല. പക്ഷേ അല്‍പം ക്ഷമ കാണിക്കേണ്ടത് അത്യാവശ്യമാണ്. ഇതുവരെ നല്‍കിയിട്ടുള്ള എല്ലാ പിന്തുണകള്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അജിത് പവാറിനെ തിരികെയെത്തിക്കാനുള്ള എന്‍.സി.പിയുടെ ശ്രമങ്ങള്‍ പാളിയെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മറുവശത്ത് ഭൂരിപക്ഷം ഉറപ്പിക്കാന്‍ ശരദ് പവാറിനെ തന്നെ പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ബി.ജെ.പി. എന്നാല്‍ അജിത് പവാറിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മാറ്റിയെന്നും വിപ്പ് നല്‍കാന്‍ ഇനി അധികാരമില്ലെന്നും കാണിച്ച് എന്‍.സി.പി രാജ്ഭവനില്‍ ഇന്ന് കത്ത് നല്‍കി. വിശ്വാസ വോട്ടെടുപ്പില്‍ ജയിച്ച് കയറാമെന്ന വലിയ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്, എന്‍.സി.പി ശിവസേന, പാര്‍ട്ടികള്‍. ഒപ്പം തന്നെ നാളത്തെ സുപ്രീംകോടി വിധി എന്തായിരിക്കും എന്ന കാത്തിരിപ്പിന്റെ മണിക്കൂറുകള്‍ കൂടിയാണ് ഇനി ബാക്കി.