‘പിങ്ക്’ വിപ്ലവം നടത്തി ടീം ഇന്ത്യ; ഇന്നിങ്സ് ജയത്തിലും റെക്കോര്‍ഡ്

കൊല്‍ക്കത്ത: ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ഡേ നൈറ്റ് മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്നിങ്സിനും 46 റണ്‍സിനും കീഴ്പ്പെടുത്തി ടീം ഇന്ത്യ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായ ഏഴാം വിജയവുമായി റെക്കോര്‍ഡോടെയാണ് ഇന്ത്യ കളം വിട്ടത്. തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ ഇന്നിങ്സ് ജയം നേടുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. 241 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ 41.1 ഓവറില്‍ 195 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്താക്കി.

മത്സരത്തിലാകെ ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ ഇശാന്ത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ചും മാന്‍ ഓഫ് ദ സീരീസും. ഇശാന്ത്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യന്‍ പേസാക്രമണത്തിന് മൂര്‍ച്ച കൂട്ടിയത്. രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഉമേഷ് യാദവാണ് മാച്ചിന്റെ അവസാന ദിവസം ബംഗ്ലാദേശിന്റെ തകര്‍ച്ച പൂര്‍ണമാക്കിയത്. ഇശാന്ത് ശര്‍മ 13 ഓവറില്‍ 56 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. അര്‍ധ സെഞ്ച്വറി നേടിയ മുഷ്ഫിഖുര്‍ റഹീമാണ് ബംഗ്ലാദേശിലെ ടോപ് സ്‌കോറര്‍. തുടര്‍ച്ചയായി ഏഴാം ജയത്തോടെ ഐ.സി.സി ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതുള്ള ഇന്ത്യ ഏറെ മുന്നിലെത്തി. നിലവില്‍ 360 പോയിന്റാണ് ഇന്ത്യക്കുള്ളത്. ഓസ്ട്രേലിയയാണ് രണ്ടാമത്