സുപ്രീം കോടതിയില്‍ ഇന്ന് ‘പുലി’കളുടെ പോരാട്ടം; ശിവസേനക്കായി കപില്‍ സിബല്‍, എന്‍.സി.പിക്കായി മനു സിങ്വി ബി.ജെ.പിക്കു വേണ്ടി മുകുള്‍ റോത്തഗി

ഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമെന്ന ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഹര്‍ജിയില്‍ ഇന്നു വാദം കേള്‍ക്കുന്നു. രാജ്യത്തെ പ്രമുഖ അഭിഭാഷകരാണ് ഓരോകക്ഷികള്‍ക്കും വേണ്ടി ഹാജരാകുന്നത്. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോത്തഗിയാണ് ബി.ജെ.പിയുടെ മഹാരാഷ്ട്ര ഘടകത്തിനു വേണ്ടി ഹാജരാകുന്നത്.

അതേസമയം ശിവസേനയ്ക്കു വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഹാജരാകും. കോണ്‍ഗ്രസ് നേതാവ് കൂടിയായ അഭിഷേക് മനു സിങ്വിയാണ് എന്‍.സി.പിക്കു വേണ്ടി ഹാജരാകുന്നത്.കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ്. ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് രാവിലെ 11:30 ന് വാദം കേള്‍ക്കും. നവംബര്‍ 30 ന് വിശ്വാസവോട്ടെടുപ്പ് നടത്താനാണ് ബി.ജെ.പിയുടേയും പ്രതിപക്ഷ പാര്‍ട്ടികളുടേയും ആവശ്യം. എന്നാല്‍ തീയതി ഗവര്‍ണര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.