എം.എല്‍.എമാരെ തിരിച്ചു പിടിച്ച് പവാര്‍; യോഗത്തില്‍ നിന്ന് വിട്ടു നിന്നത് 4 പേര്‍

മുംബൈ: അജിത് പവാറിനൊപ്പമെന്ന് കരുതിയ എം എല്‍ എ മാരെ തിരിച്ചു പിടിച്ച് എന്‍ സി പി. മഹാരാഷ്ട്രയിലെ അപ്രതീക്ഷിത തിരിച്ചടിയ്ക്ക് ശേഷം ശരത് പവാര്‍ വിളിച്ചു ചേര്‍ത്ത നിയമസഭാ കക്ഷി യോഗത്തില്‍ പാര്‍ട്ടിയുടെ 50 എം.എല്‍.എ മാരാണ് പങ്കെടുത്തത്. അജിത് പവാര്‍ ഉള്‍പ്പെടെ നാല് എം.എല്‍.എമാര്‍ മാത്രമാണ് വിട്ടു നിന്നതെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാമെന്ന ബി.ജെ.പിയുടെ പ്രതീക്ഷയ്ക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്.

ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതോടെ എന്‍.സി.പി ചതിച്ചുവെന്ന പ്രതീതി കോണ്‍ഗ്രസ്-ശിവസേന നേതാക്കള്‍ക്കിടയിലുണ്ടായി. എന്നാല്‍ രാത്രിയോടെ എന്‍.സി.പി അധ്യക്ഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പാര്‍ട്ടിയുടെ 50 എം.എല്‍.എമാര്‍ പങ്കെടുത്തതോടെ ഈ സംശയം നീങ്ങിയെന്നാണ് സൂചന. എം.എല്‍.എമാര്‍ മറുകണ്ടം ചാടിയത് താന്‍ അറിഞ്ഞല്ല എന്ന ശരദ് പവാറിന്റെ വാദം ശരിയെന്ന് തെളിയുകയും ചെയ്തു. അജിത് പവാറിന് പകരം ജയന്ത് പട്ടീലിനെ താത്കാലിക നിയമസഭകക്ഷി നേതാവായി യോഗം തെരഞ്ഞെടുത്തു. ഇനി സഭയില്‍ ബലപരീക്ഷണം നടക്കുമ്പോള്‍ വിപ്പ് നല്‍കാന്‍ അജിത് പവാറിന് കഴിയില്ല. എന്നാല്‍, നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട അജിത് പവാറിനാണ് ഇപ്പോവും വിപ്പ് നല്‍കാന്‍ അധികാരമെന്ന് ബി.ജെ.പിയും വാദിക്കുന്നു.