വീണ്ടും ശബരിമല സന്ദര്‍ശിക്കുമെന്ന് രഹന മനോജ്; പോലീസിന്റെ സുരക്ഷയും ആവശ്യപ്പെട്ടു

കൊച്ചി: ശബരിമല സന്ദര്‍ശിക്കുമെന്നും അതിനു വേണ്ടി സംരക്ഷണം വേണമെന്നും വിവാദ മോഡല്‍ രഹന മനോജ്. ശബരിമലയില്‍ പോവാന്‍ തനിക്ക് സംരക്ഷണം വേണമെന്ന് രഹന കൊച്ചി ഐ.ജി ഓഫീസിലെത്തി ഇന്നലെ രാത്രി ആവശ്യപ്പെടുകയും ചെയ്തു. ഇത്തവണ ശബരിമലയില്‍ പോകുമെന്നും അതിനുള്ള അവകാശമുണ്ടെന്നും രഹന മനോജ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണ ശബരിമലയ്ക്ക് പോകാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പോലീസിനോട് കാര്യങ്ങള്‍ പറഞ്ഞു. തീരുമാനം പിന്നീട് അറിയിക്കാമെന്ന് പോലീസ് പറഞ്ഞിട്ടുണ്ട്.

നിയമവ്യവസ്ഥ അനുസരിച്ചാണ് ശബരിമലയ്ക്ക് പോകുന്നത്. നവംബര്‍ 26ന് തന്റെ ജന്മദിനമാണ്. അന്ന് മാലയിടാമെന്നാണ് കരുതുന്നത്. പോലീസ് തീരുമാനം അറിഞ്ഞ ശേഷമായിരിക്കും മറ്റ് കാര്യങ്ങള്‍. കഴിഞ്ഞ തവണ പത്തനംതിട്ടയില്‍ നിന്ന് പോലീസിനെ വിളിച്ചാണ് പോയത്. നിയമത്തിന്റെ വഴിക്ക് തന്നെ എല്ലാം നീങ്ങട്ടെ എന്നുള്ളതുകൊണ്ടാണ് ഇത്തവണ നേരത്തെ പോലീസിനെ അറിയിച്ചത്. ശബരിമലയില്‍ പോകാന്‍ തനിക്ക് അവകാശമുണ്ട്. ഇത്തവണ ഭര്‍ത്താവ് മനോജുമൊത്ത് പേകാനാണ് ആഗ്രഹിക്കുന്നതെന്നും രഹന പറഞ്ഞു.കഴിഞ്ഞ തവണയും രഹന ശബരിമല ദര്‍ശനം നടത്താല്‍ പരിശ്രമിച്ചിരുന്നു. എന്നാല്‍, സംഘ്പരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് യാത്ര പകുതി വഴിയില്‍ ഉപേക്ഷിക്കേണ്ടിവരികയായിരുന്നു.