അര്‍ധരാത്രിയിലെ അട്ടിമറി; ഇന്ന് അവധി ദിനത്തിലും സുപ്രീംകോടതി തുറക്കും

ഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് അനുമതി നല്‍കിയ ഗവര്‍ണര്‍ ഭഗത്സിങ് കോശ്യാരിയുടെ നടപടി ചോദ്യം ചെയ്ത് ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും അടങ്ങുന്ന ത്രികക്ഷി സഖ്യം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രാവിലെ 11.30
നാണ് ഹര്‍ജി പരിഗണിക്കുക. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് അവധി ദിനമായ ഇന്ന് തന്നെ കോടതി തുറന്ന് മൂന്നുകക്ഷികളുടെയും ആവശ്യം പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍. ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെ ഡല്‍ഹിയില്‍ ഇല്ലാത്തതിനാലാണ് രമണയുടെ ബെഞ്ച് മുന്‍പാകെ ഹര്‍ജി എത്തുന്നത്.

24 മണിക്കൂറിനുള്ളില്‍ നിയമസഭ വിളിച്ചുചേര്‍ത്ത് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ശിവസേന ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ത്രികക്ഷി സഖ്യത്തിന് കേവലഭൂരിപക്ഷത്തിനാവശ്യമായ എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നും തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

കോടതിയില്‍ നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ന് ഹര്‍ജി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. സുപ്രീം കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. അതേസമയം കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാലയെ കോടതിയില്‍ തടഞ്ഞത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദേവ്ദത്തും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.