താമരശേരി ചുരത്തില്‍ റോപ് വേയിലൂടെ കേബിള്‍ കാര്‍ പദ്ധതി തയ്യാറാവുന്നു

താമരശ്ശേരി: കോഴിക്കോട്, വയനാട് ജില്ലകളിലെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി താമരശേരി ചുരത്തിന് സമാന്തരമായി റോപ് വേയിലൂടെ കേബിള്‍ കാര്‍ പദ്ധതി തയ്യാറാവുന്നു. അടിവാരം മുതല്‍ ലക്കിടി വരെ 3.675 കിലോമീറ്റര്‍ ദൂരത്തിലാണ് റോപ് വേ പദ്ധതി തയ്യാറാക്കുന്നത്. മണിക്കൂറില്‍ 400 പേര്‍ക്ക് യാത്ര ചെയ്യാവുന്നതും ആറ് സീറ്റുകള്‍ ഉള്ളതുമാണ് കേബിള്‍ കാര്‍. അടിവാരത്തിനും, ലക്കിടിക്കും ഇടയില്‍ നാല്‍പതോളം ടവറുകള്‍ സ്ഥാപിച്ചാണ് റോപ് വേ തയ്യാറാക്കുന്നത്.  20 മിനിറ്റ് സമയത്തിനുള്ളില്‍ ഒരു വശത്തേക്കുള്ള യാത്ര പൂര്‍ത്തിയാക്കാനാവും.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ആകര്‍ഷകവുമായ പദ്ധതിയാവും ചുരം റോപ് വേ. ലക്കിടിയില്‍ അപ്പര്‍ ടെര്‍മിനലും അടിവാരത്ത് ലോവര്‍ ടെര്‍മിനലും ഉണ്ടാവും.ചുരത്തിന്റെയും വനത്തിന്റെയും സൗന്ദര്യം ആസ്വദിക്കാനാവുന്ന കേബിള്‍ കാര്‍ യാത്രകള്‍ക്ക് കൂടി പ്രയോജനപ്പെടുത്താം. അതുവഴി ചുരത്തിലെ തിരക്കും കുറയ്ക്കാനാകും. അടിവാരം ടെര്‍മിനലിനോട് അനുബന്ധിച്ച് പാര്‍ക്കിംങ്ങ്, പാര്‍ക്ക്, മ്യൂസിയം കഫ്റ്റീരിയ, ഹോട്ടല്‍ ആംഫി തിയേറ്റര്‍, ഓഡിറ്റോറിയം തുടങ്ങിയവയും പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നു.