ബി.ജെ.പി നടത്തിയത് ബ്ലാക്മെയില്‍ രാഷ്ട്രീയം, അജിത് പവാര്‍ തിരിച്ചു വരും; ശിവസേന

മഹാരാഷ്ട്രയില്‍ ബി.ജെ.പി നടത്തിയത് ബ്ലാക്മെയില്‍ രാഷ്ട്രീയമാണെന്ന് തുറന്നടിച്ച് ശിവസേനാ നേതാവ്. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്നും അജിതിനെ ബ്ലാക് മെയില്‍ ചെയ്തതാണെന്നും ആരാണ് ഇതിന് പിന്നിലെന്ന് സാമ്ന പത്രത്തിലൂടെ വെളിപ്പെടുത്തുമെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ‘ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കും. അജിത് പവാറിനൊപ്പം പോയത് എട്ട് എം.എല്‍.എമാരാണ്. അതില്‍ അഞ്ചുപേര്‍ തിരിച്ചെത്തി. അവരെ നുണ പറഞ്ഞ് കാറിനുള്ളില്‍ക്കയറ്റി തട്ടിക്കൊണ്ടുപോകുന്നതു പോലെയാണ് കൊണ്ടുപോയത്.

ഞങ്ങള്‍ എന്‍.സി.പിയുടെ ധനഞ്ജയ് മുണ്ടെയുമായി സംസാരിക്കുന്നുണ്ട്. അജിത് പവാര്‍ തിരിച്ചുവരാനുള്ള സാധ്യത പോലും നിലനില്‍ക്കുന്നുണ്ട്. അജിത്തിനെ ബ്ലാക്ക്മെയില്‍ ചെയ്തതാണ്. സാമ്ന പത്രത്തില്‍ ആരാണ് ഇതിനു പിറകിലുള്ളത് എന്ന കാര്യം ഞങ്ങള്‍ വെളിപ്പെടുത്തും.’ അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നാണ് ശിവസേന തലവന്‍ ഉദ്ധവ് താക്കറെയും എന്‍.സി.പി തലവന്‍ ശരദ് പവാറും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ അംഗങ്ങള്‍ ബി.ജെ.പിക്കില്ലെന്നും 170 അംഗങ്ങളുടെ പിന്തുണയോടെ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു. പത്തോ പതിനൊന്നോ പേരുടെ പിന്തുണ മാത്രമാണ് അജിത് പവാറിനുള്ളതെന്നും അദ്ദേഹത്തിനെതിരായ നടപടി പാര്‍ട്ടി തീരുമാനിച്ച് കൈക്കൊള്ളുമെന്നും ശരദ് പവാര്‍ പറഞ്ഞു.