ഇത് മഹാരാഷ്ട്രയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് കോണ്‍ഗ്രസ്

മുംബൈ: ഈ ദിവസം മഹാരാഷ്ട്ര എന്ന സംസ്ഥാനത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമായി  രേഖപ്പെടുത്തുമെന്ന് കോണ്‍ഗ്രസ്. രാഷ്ട്രീയ കരുനീക്കത്തിലൂടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുക വഴി ബി.ജെ.പി നാണക്കേടിന്റെ എല്ലാ പരിധികളും ലംഘിച്ചു കഴിഞ്ഞെന്നും
കോണ്‍ഗ്രസ് നേതാവ് അഹമദ് പട്ടേല്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പുലര്‍ച്ചെ അതീവ രഹസ്യമായിട്ടായിരുന്നു എല്ലാം ചെയ്തത്. എവിടെയോ എന്തോ തെറ്റായി നടന്നിട്ടുണ്ട്. ഇതിനേക്കാള്‍ നാണം കെട്ടതായി മറ്റൊന്നുമില്ല അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നുകൊണ്ടുള്ള അജിത് പവാറിന്റെ നീക്കം അത്ഭുതപ്പെടുത്തി. ശിവസേനയും എന്‍.സി.പിയുമായും നല്ല രീതിയില്‍ ചര്‍ച്ച നടന്നിരുന്നു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ഭാഗത്തു നിന്നും കാലതാമസം ഉണ്ടായിട്ടില്ല. എല്ലാവിഷയങ്ങളിലും ഞങ്ങള്‍ ധാരണയിലെത്തിയിരുന്നു. എവിടെയോ ചിലത് ചീഞ്ഞ് നാറുന്നുണ്ട്. ബി.ജെ.പി ഭരണഘടനയെ അപമാനിച്ചിരിക്കുകയാണ്. അജിത് പവാറിനെതിരെ നടപടിയെടുക്കേണ്ടതിനെ കുറിച്ച് ആലോചിക്കേണ്ടത് എന്‍.സി.പിയാണ്.ജനാധിപത്യത്തോടും ഭരണഘടനയോടുമുള്ള വഞ്ചനയാണ് ഇത്.

എന്‍.സി.പി, ബി.ജെ.പി സഖ്യം വിശ്വാസം തെളിയിക്കില്ല. മഹാ വികാസ് അഘാഡി വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്ന് ഇപ്പോഴും വിശ്വാസമുണ്ട്. അതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ ഒരു പദ്ധതി ഉണ്ടാക്കുമെന്നും അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി.